തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിനെ മാറ്റി. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അതൃപ്തിയെ തുടർന്നാണ് നടപടി. മന്ത്രിയുടെ അറിവില്ലാതെ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. അഡീഷണൽ കമ്മീഷണർക്ക് പകരം താൽക്കാലിക ചുമതല നൽകി.
മന്ത്രിയുടെ അറിവില്ലാതെ മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരേ മന്ത്രി രംഗത്തെത്തിയിരുന്നു. അസാധാരണ വേഗത്തിൽ ലൈസൻസ് അനുവദിച്ചതിനു പിന്നിൽ ബാഹ്യ ഇടപെടലുണ്ടായെന്നാണ് സൂചന.
എറണാകുളത്തെ രണ്ട് ബിയർ-വൈൻ പാർലറുകളുടെ ബാർ ലൈസൻസ് ജൂണിലാണ് പുതുക്കിയത്. ഇതിലൊന്നിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം തന്നെ ലൈസൻസ് അനുവദിച്ചു. പാലായിലെ പാർലറിന് സെപ്റ്റംബർ അവസാനം അപേക്ഷ നൽകിയപ്പോൾ ഒക്ടോബർ മൂന്നിന് ലൈസൻസ് ലഭിച്ചു.
നിയമസഭാ ചോദ്യത്തിന് മറുപടി നൽകുന്നതിനായി ബാറുകളുടെ എണ്ണം പരിശോധിച്ചപ്പോഴാണ് സർക്കാരിന്റെ കാലത്ത് മൂന്ന് ബാർ ലൈസൻസുകൾ പുതുക്കിയ വിവരം എക്സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. 2014-ൽ ബാറുകൾ പൂട്ടിയതിനു പിന്നാലെ ബിയർ-വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളാണിവ.
മൂന്ന് സ്റ്റാർ ഹോട്ടലുകളായി ഉയർത്തിയിട്ടുണ്ടെങ്കിൽ ബാർ ലൈസൻസ് അനുവദിക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി 2017-ൽ ഇടതുസർക്കാർ ചട്ടഭേദഗതി കൊണ്ടുവന്നിരുന്നു. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് പുതുക്കി നൽകാനും അധികാരമുണ്ട്.
പുതിയ മദ്യനയം തീരുമാനിക്കാനിരിക്കെ സർക്കാരിന്റെ അറിവില്ലാതെ ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പുതിയ ബാറുകൾക്കായി 29 അപേക്ഷകളാണ് നിലവിൽ എക്സൈസ് വകുപ്പിന് മുന്നിലുള്ളത്. പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് കമ്മീഷണറോട് നിർദേശിച്ചിരുന്നതായി മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.