മുംബൈ: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 7 റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്കെത്തുമ്പോൾ, സന്തോഷം പങ്കുവെച്ച് നായകൻ സൂര്യകുമാർ യാദവ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ കഴിയുന്നത് ഒരു വികാരമാണെന്ന് സൂര്യ പറഞ്ഞു.
അതുപോലെ മത്സരശേഷം സംസാരിക്കവെ സഞ്ജു സാംസണിൻറെ ഇന്നിംഗ്‌സിനെയും ബൗളർമാരുടെ പ്രകടനത്തെയും സൂര്യ പ്രത്യേകം അഭിനന്ദിച്ചു. ക്രീസിലേക്ക് പോകുമ്പോൾ തന്നെ താൻ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സൂര്യ പറഞ്ഞു. ആദ്യ വിക്കറ്റ് വീണപ്പോഴും സഞ്ജു സമ്മർദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിൻറെ ഫലമാണിത്. അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെയായിരുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
ശിവം ദുബെയെ നാലാം നമ്പറിൽ അയച്ചത് ആദിൽ റഷീദിനെ നേരിടാനാണെന്നും സൂര്യ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ താൻ സെഞ്ചുറിയോ അർധസെഞ്ചുറിയോ നേടിയിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരെ ദുബെ നാലാം നമ്പറിൽ ഇറങ്ങുമായിരുന്നു. അതേസമയം മത്സരത്തിൻറെ അവസാന ഓവറുകളിൽ താൻ അനുഭവിച്ച സമ്മർദ്ദത്തെക്കുറിച്ച് സൂര്യകുമാർ തുറന്നുപറഞ്ഞു. ആരെങ്കിലും എൻറെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അത് 160-175 വരെ എത്തുമായിരുന്നു. അത്രത്തോളം പരിഭ്രമത്തിലായിരുന്നു ഞാൻ. പക്ഷേ ജസ്പ്രീത് ബുമ്രയും അർഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയമാണ്. ബുമ്ര ഇന്ത്യക്ക് വേണ്ടി വർഷങ്ങളായി ചെയ്യുന്നത് ഇന്നും ആവർത്തിച്ചു. നിർണായക ഘട്ടത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം കളി ജയിപ്പിച്ചു.
അക്സർ പട്ടേലും ശിവം ദുബെയും എടുത്ത തകർപ്പൻ ക്യാച്ചുകളെക്കുറിച്ച് ചോദിച്ചപ്പോൾ ഫീൽഡിംഗ് കോച്ച് ദിലീപിനാണ് സൂര്യ ക്രെഡിറ്റ് നൽകിയത്. പരിശീലന സെഷനുകൾ രസകരവും എന്നാൽ മത്സരബുദ്ധിയുള്ളതുമാക്കി മാറ്റിയതാണ് കളിക്കളത്തിൽ ഇത്രയും മികച്ച ഫീൽഡിംഗ് പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനെക്കുറിച്ചും സൂര്യ വാചാലനായി. ഹാരി ബ്രൂക്കിനോട് ഞാൻ തമാശയായി ചോദിച്ചു, ഇനിയും എത്ര റൺസ് ഞങ്ങൾ അടിക്കണം നിങ്ങളെ തോൽപ്പിക്കാൻ എന്ന്. അവർ അത്രത്തോളം നന്നായി പൊരുതിയെന്നും സൂര്യ പറഞ്ഞു. ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപിച്ച ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെയാണ് നേരിടുക. സമ്മർദ്ദം ഉണ്ടാകുമെങ്കിലും ടീമും സപ്പോർട്ട് സ്റ്റാഫും ആവേശത്തിലാണെന്നും കിരീടം നിലനിർത്താൻ സാധിക്കുമെന്നും സൂര്യകുമാർ യാദവ് പ്രത്യാശ പ്രകടിപ്പിച്ചു.
















































