BREAKING NEWS

സാൻഡ്പേപ്പർ വിവാദം വിട്ടുകളയൂ, പാക്കിസ്ഥാൻ സാൻഡ്പേപ്പറല്ല ഉപയോ​ഗിച്ചിരുന്നത്, പകരം ബോട്ടിൽ അടപ്പുകൊണ്ടാണ് പന്ത് ചുരണ്ടിയിരുന്നത്… ഒരുകാലത്ത് ഞാൻ കളിക്കളത്തിൽ 22 പേർക്കെതിരെയാണ് കളിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഞാൻ നേരിട്ട ഓരോ താരവും ഒത്തുകളി ആരോപണങ്ങളുടെ നിഴലിലായിരുന്നു”- വെളിപ്പെടുത്തലുമായി ഷൊയ്ബ് അക്തർ

· · 1 min read
Share: Copied!

ലാഹോർ: 2018ലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ സാൻഡ്പേപ്പർ വിവാദം വീണ്ടും ചർച്ചയാകുന്നതിനിടെ, പാക്കിസ്ഥാൻ താരങ്ങളും പന്തിൽ കൃത്രിമം കാണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ പാക് പേസ് ബൗളിങ് ഇതിഹാസം ഷൊയ്ബ് അക്തർ. പന്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ തങ്ങളുടെ കാലത്ത് ബോട്ടിൽ അടപ്പുകൾ (Bottle Tops) ഉപയോഗിച്ചിരുന്നുവെന്നാണ് അക്തറിന്റെ വെളിപ്പെടുത്തൽ. അതേസമയം, ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയ സംഭവത്തെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ന്യൂലാൻഡ്‌സ് ടെസ്റ്റിനിടെ ഓസ്ട്രേലിയൻ താരങ്ങൾ സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ച സംഭവമാണ് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയത്. അന്ന് സംഭവത്തിൽ ഉൾപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ വിവാദം വീണ്ടും സജീവമായിരിക്കുകയാണ്.

വിസ്ഡൻ സ്കൂപ്പിന് നൽകിയ അഭിമുഖത്തിലാണ് അക്തർ പാക്കിസ്ഥാൻ താരങ്ങളും പന്തിൽ കൃത്രിമം കാണിച്ചിരുന്നുവെന്ന് സമ്മതിച്ചത്. “സാൻഡ്പേപ്പർ വിവാദം വിട്ടുകളയൂ. എന്തിനാണ് ഇത്ര വലിയ ബഹളമുണ്ടാക്കുന്നത്? ഇത് ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ബാധിക്കുമെന്ന് എനിക്കറിയാം. ഞങ്ങളുടെ ക്രിക്കറ്റിനെയും ഇത്തരം കാര്യങ്ങൾ ബാധിച്ചിട്ടുണ്ട്. ഞങ്ങൾ സാൻഡ്പേപ്പറല്ല, ബോട്ടിൽ അടപ്പുകളാണ് ഉപയോഗിച്ചിരുന്നത്. പന്തുകൾ മാറ്റുകയും മറ്റെല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്തിരുന്നു” എന്നായിരുന്നു അക്തറിന്റെ വാക്കുകൾ.

സംഭവങ്ങളുടെ യഥാർഥ വസ്തുതകൾ പുറത്തുവരേണ്ടതുണ്ടെന്ന് അക്തർ സമ്മതിച്ചു. എന്നാൽ വിവാദം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയൻ താരങ്ങൾ ചെയ്തത് തെറ്റാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ പന്തിൽ കൃത്രിമം കാണിക്കുന്നത് ഓസ്ട്രേലിയയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രവണതയല്ലെന്നും അക്തറിന്റെ പ്രതികരണം സൂചിപ്പിക്കുന്നു.

അതേസമയം ഉസ്മാൻ ഖവാജയുടെ ആത്മകഥയായ ‘സബ്രി’ൽ 2018ലെ സാൻഡ്പേപ്പർ വിവാദത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ന്യൂലാൻഡ്‌സ് ടെസ്റ്റിനിടെ പന്തിന്റെ അവസ്ഥ മാറ്റാൻ സാൻഡ്പേപ്പർ ഉപയോഗിക്കുന്ന കാര്യം ഓസ്ട്രേലിയൻ ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്നാണ് ഖവാജയുടെ വെളിപ്പെടുത്തൽ. എന്നാൽ ഓസ്ട്രേലിയൻ പേസ് ബൗളർമാരായ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഇക്കാര്യം അറിയില്ലായിരുന്നുവെന്ന നിലപാടാണ് നേരത്തെ സ്വീകരിച്ചിരുന്നത്.

സ്വന്തം ടീമിലെ പഴയ അനുഭവങ്ങളും അക്തർ അഭിമുഖത്തിൽ പങ്കുവെച്ചു. മുൻ സഹതാരങ്ങളെക്കുറിച്ച് തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെങ്കിലും അവരെ പ്രതിസന്ധിയിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ പഴയ സഹതാരങ്ങളെക്കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ, ഞാനത് ചെയ്യില്ല. അവരെ ബുദ്ധിമുട്ടിലാക്കാൻ എനിക്ക് കഴിയില്ല. ഒരുകാലത്ത് ഞാൻ കളിക്കളത്തിൽ 22 പേർക്കെതിരെയാണ് കളിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. കാരണം, ഞാൻ നേരിട്ട ഓരോ താരവും ഒത്തുകളി ആരോപണങ്ങളുടെ നിഴലിലായിരുന്നു. ആരെയാണ് വിശ്വസിക്കേണ്ടതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു” അക്തർ പറഞ്ഞു.

ഖവാജയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും അക്തർ പ്രതികരിച്ചു. പന്തിൽ കൃത്രിമം കാണിക്കുന്നതുപോലുള്ള കാര്യങ്ങൾ ഒന്നോ രണ്ടോ താരങ്ങളുടെ മാത്രം തീരുമാനമാകില്ലെന്നും ടീം മുഴുവൻ അറിഞ്ഞുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ക്രിക്കറ്റ് പന്തുകൾ ഉപയോഗിച്ച് പലതരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞാനും പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. എന്നാൽ ടീമിലെ എല്ലാവർക്കും അതിനെക്കുറിച്ച് അറിയാമായിരുന്നു. ഓസ്ട്രേലിയൻ താരങ്ങൾ ചെയ്തത് തെറ്റാണ്. ഉസ്മാൻ ഖവാജ ചെയ്തത് ശരിയായ കാര്യമാണ്. എന്നാൽ അത് വെളിപ്പെടുത്താൻ അദ്ദേഹം തിരഞ്ഞെടുത്ത സമയം കുറച്ചുകൂടി മെച്ചപ്പെട്ടതാകാമായിരുന്നു” എന്നും അക്തർ കൂട്ടിച്ചേർത്തു.

അതേസമയം, വിവാദത്തിൽ നേരത്തെ ശിക്ഷിക്കപ്പെട്ട കാമറൂൺ ബാൻക്രോഫ്റ്റും പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. ബുധനാഴ്ച പുറത്തുവിട്ട വിശദമായ കുറിപ്പിൽ പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ചുള്ള കൃത്രിമത്തെക്കുറിച്ച് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, താൻ എന്നീ മൂന്ന് പേർക്ക് മാത്രമല്ല, ഓസ്ട്രേലിയൻ ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് ആരോപിച്ചു.

“ദക്ഷിണാഫ്രിക്കയിൽ പന്തിൽ സാൻഡ്പേപ്പർ ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നത് ഞങ്ങൾ മൂന്നുപേർ മാത്രമായിരുന്നില്ല. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഞാനും മാത്രമല്ല, ടീമിലെ എല്ലാവർക്കും ഇക്കാര്യം അറിയാമായിരുന്നു” എന്നാണ് ബാൻക്രോഫ്റ്റ് കുറിച്ചത്.

ആദ്യഘട്ട അന്വേഷണത്തിനിടെ നിർണായക വിവരങ്ങൾ താൻ വെളിപ്പെടുത്താതിരുന്നുവെന്നും ബാൻക്രോഫ്റ്റ് സമ്മതിച്ചു. പന്തിൽ കൃത്രിമം കാണിക്കുന്ന രീതി എപ്പോൾ ആരംഭിച്ചു, എത്രകാലം തുടർന്നു, മറ്റ് എത്രപേർക്ക് ഇതിൽ പങ്കുണ്ടായിരുന്നു തുടങ്ങിയ പ്രധാന വിവരങ്ങളാണ് അന്ന് അന്വേഷണസംഘത്തോട് പറയാതിരുന്നത്. ഇതോടെ 2018ലെ സാൻഡ്പേപ്പർ വിവാദത്തിൽ ഓസ്ട്രേലിയൻ ടീമിലെ കൂടുതൽ താരങ്ങൾക്ക് അറിവുണ്ടായിരുന്നുവെന്ന ആരോപണം വീണ്ടും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

BREAKING NEWS
’ആദ്യം തേങ്ങകൊണ്ട് തലയ്ക്ക് അടിച്ചു, ബോധംകെട്ട് വീണതോടെ ഒമറിനെ കൂട്ടി തിരിച്ചുവന്ന് ബെൽറ്റും കൈയും ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു’; അഭിരാമിന്റെ കൊലപാതകത്തിൽ 17കാരന്റെ വെളിപ്പെടുത്തൽ
20 Nov 2026
BREAKING NEWS
56-ാം വയസിൽ 'യുവനേതാവോ'?- ചോദ്യമുന്നയിച്ച് വിദ്യാർഥി!! ജനനത്തീയതിയല്ല, പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകവും ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യവുമാണ് ഒരാളെ യുവാവാക്കുന്നത്, ഏറ്റവും വിചിത്രമെന്ന് തോന്നുന്ന ചോദ്യങ്ങൾ ചോദിക്കാൻ പോലും ഭയപ്പെടാതിരിക്കുക, അതാണ് എന്നെ സംബന്ധിച്ചിടത്തോളം യുവത്വം- മറുപടിയുമായി ര...
20 Nov 2026
BREAKING NEWS
'അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, ധീരസഖാക്കൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ, ജയിലറ കണ്ട് വിരണ്ടവരല്ല, ജയിലറ കണ്ട് വിറച്ചവരല്ല, ജയിലറ കണ്ട് വളർന്നവരാണേ'... ഷുക്കൂർ വധക്കേസ് പ്രതികളെ ജയിലിലേക്കു കൊണ്ടു പോകുന്നതിനിടെ അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ, മുഷ്ടി ചുരുട്ടി തിരികെ അഭിവാദ്യമർപ്പിച്ച് പ്രതി...
20 Nov 2026
BREAKING NEWS
പി ജയരാജനേയും ടി.വി. രാജേഷിനേയും വെറുതെ വിട്ടതിനു പിന്നിൽ സിബിഐയുടെ തുമ്പും തുലാനുമില്ലാത്ത കണ്ടുപിടിത്തങ്ങൾ... ഓരോ ചുവടും പിഴച്ചു, രണ്ടാം പ്രതി ഗണേശനെ തിരിച്ചറിയൽ പരേഡിൽ പ്രധാന സാക്ഷികൾക്ക് കഴിഞ്ഞില്ല, ആശുപത്രി മുറിയിൽ 28 മുതൽ 33 വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന വാദം സാധൂകരിക്കാൻ പ്രോസിക്യൂ...
20 Nov 2026