തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നൽകി. ഇതുസംബന്ധിച്ച തീരുമാനം സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ, ഐജി പി. പ്രകാശ്, സർക്കാർ നോമിനി കെ. സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിച്ചത്.
2022-ൽ നടന്ന വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയത്. എന്നാൽ, ഈ നിയന്ത്രണം ടൂറിസ്റ്റ് ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നായിരുന്നു ഉടമകളുടെ പരാതി. കേരളത്തിൽനിന്നുള്ള ബസുകൾക്ക് നിയന്ത്രണം ബാധകമായിരിക്കെ, അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് സമാന നിയന്ത്രണങ്ങളില്ലാത്തത് സംസ്ഥാനത്തെ വാഹനങ്ങൾക്ക് ഓട്ടം ലഭിക്കാത്ത സാഹചര്യമുണ്ടാക്കി. ഇത് മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിച്ചു. ഈ സാഹചര്യത്തിൽ ബസ് ഉടമകളുടെ നിവേദനങ്ങൾ പരിഗണിച്ച് നിറം സംബന്ധിച്ച നിയന്ത്രണം പുനഃപരിശോധിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.
നിറത്തിന്റെ കാര്യത്തിൽ ഇളവ് അനുവദിച്ചെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങൾ, ഗ്രാഫിക്സ്, പരസ്യങ്ങൾ എന്നിവ ബസുകൾക്ക് പുറത്ത് പതിപ്പിക്കാൻ അനുവദിക്കില്ല. അനധികൃതമായി എൽഇഡി ലൈറ്റുകൾ, സ്ട്രിപ്പ് ലൈറ്റുകൾ, ഹാലൊജൻ ലാമ്പുകൾ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകില്ല.
സർവീസുകളുടെ പ്രചാരണത്തിനായി വാഹനങ്ങളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നതിനും വിലക്കുണ്ട്. 2019-ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.