ടെഹ്റാൻ: അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ ഉപാധികൾ തള്ളി ഇറാൻ. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികൾ തള്ളിയ ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകൾ മൂന്നോട്ടുവെച്ചു. ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾ ഇങ്ങനെ- ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, ഇറാനിൽ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തണം.
എന്നാൽ ഇറാന്റെ ഈ നിർദ്ദേശം അമേരിക്ക അംഗീകരിക്കാൻ സാധ്യതയില്ല. നിർണ്ണായകമായ എണ്ണക്കപ്പൽ പാത താനും ഇറാൻ പരമോന്നത നേതാവും സംയുക്തമായി നിയന്ത്രിക്കാമെന്ന് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഖാർഗ് ദ്വീപിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് യുഎസ് ചർച്ച നടത്തിയെന്നാണ് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ ദ്വീപിൽ മേൽക്കൈ നേടുന്നതിലൂടെ എണ്ണ ഉൽപ്പാദനത്തിലൂടെ ഇറാൻ നേടുന്ന സാമ്പത്തിക വരുമാനം കുറയ്ക്കാനും നിലവിലെ സംഘർഷത്തിന്റെ ഗതിയെ സ്വാധീനിക്കാനും കഴിയുമെന്നാണു അമേരിക്ക കരുതുന്നെതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മേഖലയിലെ അമേരിക്കൻ താവളങ്ങളിൽ നിന്ന് പുറത്ത് അഭയം തേടിയ അമേരിക്കൻ സൈനികരെ ലക്ഷ്യമിടുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകുന്നു.
അതേസമയം യുഎസിന്റെ 82-ാം എയർബോൺ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികരെ പശ്ചിമേഷ്യയിലക്ക് വിന്യസിക്കാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്. മൂവായിരത്തിനും നാലായിരത്തിലും ഇടയിൽ സൈനികരെ അയക്കാൻ പെന്റഗൺ തയാറെടുക്കുകയാണെന്നും സൂചനയുണ്ട്. ഇതുകൂടാതെ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ യുഎസ് സൈന്യം നടത്തിയതായും റിപ്പോർട്ടുണ്ട്.
ഇരിനിടെ ഇറാൻ അമേരിക്കയ്ക്ക് ‘വിലയേറിയ സമ്മാനം’ സമ്മാനിച്ചുവെന്നും അത് ഹോർമുസുമായി ബന്ധപ്പെട്ടതാണെന്നും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതൽ പ്രത്യക്ഷത്തിൽ അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്കുമായും ക്രൂഡ് ഓയിലും പ്രകൃതിവാതകവുമായും അഭേദ്യമായ ബന്ധമുള്ളതാണ് സമ്മാനമെന്നും ട്രംപ് വെളിപ്പെടുത്തി. അതേസമയം എന്താണതെന്ന് പറയാൻ ട്രംപ് തയാറായില്ല.
‘‘ഇന്നലെ മഹത്തായൊരു കാര്യം അവർ ചെയ്തു. അമേരിക്കയ്ക്കൊരു സമ്മാനം തന്നു. അതിന്നാണ് ലഭിച്ചത്. സാമ്പത്തികമായി അതിൻറെ മൂല്യം വലുതാണ്. എന്താണ് അതെന്നു പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ അത് സുപ്രധാനമാണ്’’ – വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.



















































