വാഷിങ്ടൺ: ഇറാനുമായുള്ള നിർണായക ചർച്ചകൾ പാക്കിസ്ഥാനിൽ നടക്കുന്നതിനിടെ ഭീഷണിയുടെ സ്വരവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളിൽ പങ്കെടുക്കുന്നതിനായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇറാനു നേരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. അന്താരാഷ്ട്ര കപ്പൽപ്പാതകൾ തടസപ്പെടുത്തി ലോകത്തെ ഭീഷണിപ്പെടുത്തുന്നതല്ലാതെ, ഇറാന്റെ കൈവശം മറ്റ് തന്ത്രങ്ങളൊന്നുമില്ലെന്ന് ട്രംപ് പരിഹസിച്ചു.
ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ പടക്കപ്പലുകൾ സജ്ജമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ പുതിയ ഭീഷണിയെത്തിയത്. കരുത്തുറ്റതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതുമായ ആയുധങ്ങളാണ് പടക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്നതെന്ന് ‘ന്യൂയോർക്ക് പോസ്റ്റിന്’ നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
അതുപോലെ ആണവായുധ പദ്ധതികൾ ഉപേക്ഷിക്കുകയാണെന്ന് ഇറാൻ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ആണവ പദ്ധതികളുടെ കാര്യത്തിൽ മുൻകൂർ നിബന്ധനകളൊന്നും അംഗീകരിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധങ്ങൾ പൂർണ്ണമായും ഒഴിവാക്കുമെന്ന് ഇറാൻ തങ്ങളോട് പറഞ്ഞെങ്കിലും, പിന്നീട് യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് മാറ്റി പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.
അതേസമയം ആണവോർജ്ജ ഉത്പാദനത്തിനായി യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നാണ് ഇറാന്റെ നിലപാട്. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കും വൈദ്യുതി ഉത്പാദനത്തിനും വേണ്ടിയുള്ളതാണെന്നും ബോംബ് നിർമ്മാണമല്ല ലക്ഷ്യമെന്നുമാണ് ഇറാൻ പറയുന്നത്.















































