കണ്ണൂർ: പാർട്ടി വിട്ട് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന ടികെ ഗോവിന്ദൻറെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി. നിലവിൽ ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെപി രമണി. കഴിഞ്ഞദിവസം ടി കെ ഗോവിന്ദന്റെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തിരുന്നു. കൂടാതെ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് രമണിയെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഭർത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഭാര്യ കെപി രമണി എത്തിയത്. ‘പാർട്ടിയിൽ ടികെ ഗോവിന്ദൻ മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയിൽ നടക്കുന്നു. ഞാൻ മാഷെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വർഷമായി ഈ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്. പക്ഷേ മാഷെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാൻ പറ്റിയില്ല’, എന്നും കെപി രമണി പറഞ്ഞിരുന്നു.
തളിപ്പറമ്പിൽ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദൻ പാർട്ടി വിട്ടത്. താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്‌തെങ്കിലും ആരും മാറ്റം വരുത്താൻ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദൻ പറഞ്ഞിരുന്നു.















































