മലപ്പുറം: നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി വി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പൊലീസ്. അൻവറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം മലപ്പുറം എടവണ്ണ ഒതായിയിലെ വീടിന് മുന്നിൽ എത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് വീടിന് മുന്നിൽ എത്തിയിരിക്കുന്നത്. അതേസമയം, സ്പീക്കറുടെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് അൻവർ പൊലീസിനോട് പറഞ്ഞു.
നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിവി അൻവർ ഉൾപ്പടെ 11 ഓളം പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. പിഡിപിപി ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചുവെന്നും എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു പി വി അൻവറിന്റെ സംഘടനയായ ഡിഎംകെയുടെ നേതാക്കൾ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. പിന്നാലെ പ്രതിഷേധക്കാർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു.
യുവാവ് മരിച്ച സംഭവത്തെ വനം വകുപ്പ് നടത്തിയ കൊലപാതകമെന്നായിരുന്നു പി വി അൻവർ വിമർശിച്ചത്. മണി എന്ന യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും അൻവർ പ്രതികരിച്ചിരുന്നു.
നിലമ്പൂര്‍ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) മരിച്ചത്. കാട്ടാന ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യിൽ മകൻ മനുകൃഷ്ണ ഉണ്ടായിരുന്നു. അത്ഭുതകരമായാണ് അഞ്ചു വയസുകാരൻ രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന കുട്ടി തെറിച്ചു വീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കാട്ടാന കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു.