മുംബൈ∙ ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യ കഠിനാധ്വാനം ചെയ്ത് നല്ലൊരു ടീമിനെ രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സംഭവിച്ച തോൽവി ഒരു മുന്നറിയിപ്പായി കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് പ്രധാനമാണെന്ന് കൈഫ് അഭിപ്രായപ്പെട്ടു. ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ തോൽപ്പിക്കുന്നതോടെ ആരാധകരെല്ലാം ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തുമായിരിക്കും. അപ്പോഴും, ടെസ്റ്റ് ക്രിക്കറ്റിൽ നാം നേരിടുന്ന വെല്ലുവിളികൾ അതേപടി തുടരുമെന്ന് കൈഫ് മുന്നറിയിപ്പു നൽകി.
‘‘ഇനി ഫെബ്രുവരി 23ന് പാക്കിസ്ഥാനെ തോൽപ്പിക്കുന്നതോടെ (ചാംപ്യൻസ് ട്രോഫി) ഇന്ത്യൻ ടീമിനെ ആരാധകർ വാനോളം പുകഴ്ത്തും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യ ചാംപ്യൻ ടീമാണെന്ന് അവർ പാടിനടക്കും. പക്ഷേ, അതുകൊണ്ടു മാത്രം ടെസ്റ്റ് ഫോർമാറ്റിൽ നമ്മുടെ പ്രകടനം മെച്ചപ്പെടുമോ? ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ജയിക്കണമെങ്കിൽ സീമിങ് വിക്കറ്റുകളിൽ കളിക്കാൻ കഴിയുന്ന നല്ലൊരു ടീമിനെ രൂപപ്പെടുത്തിയെടുക്കണം.
‘‘നിർഭാഗ്യവശാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ മാത്രം രാജാക്കൻമാരാണ് നമ്മൾ. ടെസ്റ്റിൽ നമ്മൾ വളരെ പിന്നിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജയിക്കണമെങ്കിൽ നമ്മുടെ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി അവിടെ സ്പിൻ വിക്കറ്റുകളിൽ കളിച്ചു തെളിയണം. അതുപോലെ സീമിങ് ട്രാക്കുകളിൽ നന്നായി പരിശീലിക്കണം. അല്ലെങ്കിൽ നമുക്ക് ഒരിക്കലും ജയിക്കാനാകില്ല.’’
‘‘ഇപ്പോൾ നമ്മൾ ഓസ്ട്രേലിയയോട് 3–1ന് പരമ്പര തോറ്റു. ഈ തോൽവി ഒരു മുന്നറിയപ്പായി കാണുന്നതാണ് ഏറ്റവും ഉചിതം. കാരണം, ഇന്ത്യ ടെസ്റ്റ് ഫോർമാറ്റിനു കൂടുതൽ പ്രാധാന്യം നൽകേണ്ട സമയമാണിത്. ഇന്ത്യൻ ക്രിക്കറ്റിന് സംഭവിച്ചിരിക്കുന്ന വീഴ്ച ഗൗതം ഗംഭീറിന്റെ പിഴവല്ല. എല്ലാ കളിക്കാർക്കും രഞ്ജി ട്രോഫിയിൽ കളിക്കാൻ അവസരമുണ്ട്. പക്ഷേ, ഇന്ത്യൻ ടീമിന്റെ മത്സരാധിക്യം നിമിത്തം എല്ലാവരും രഞ്ജി ട്രോഫി കളിക്കാൻ പോകുന്നതിനു പകരം വിശ്രമം മതിയെന്നു തീരുമാനിക്കുന്നു.’’
‘‘അവർ രഞ്ജി ട്രോഫിയിലും കളിക്കുന്നില്ല, പരിശീലന മത്സരങ്ങളിലും പങ്കെടുക്കുന്നില്ല. പിന്നെ എങ്ങനെയാണ് മികച്ച ബാറ്റർമാരായി മാറുക? ഇന്ത്യയിലെ സ്പിൻ വിക്കറ്റുകളിലും ഓസ്ട്രേലിയയിലെയും ദക്ഷിണാഫ്രിക്കയിലെയും സീമിങ് വിക്കറ്റുകളിലും കളിക്കുന്നത് കടുപ്പമാണ്. അതുകൊണ്ട് കൃത്യമായ രീതിയിൽ പരിശീലിച്ചില്ലെങ്കിൽ നമുക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഒരിക്കലും ജയിക്കാനാകില്ല. ഇതുവരെ സംഭവിച്ചതെല്ലാം സംഭവിച്ചു. അതു വിട്ടുകളയാം. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ കഠിനാധ്വാനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’– കൈഫ് പറഞ്ഞു.