തൃശൂർ: പാറമേക്കാവിൽ നാളെ വെടിക്കെട്ടോടെ വേല ആഘോഷം നടക്കും. ആചാര വെടിക്കെട്ടിന് എഡിഎം അനുമതി നൽകി. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നും പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് എഡിഎം വെടിക്കെട്ടിന് അനുമതി നൽകിയത്. ജനുവരി 5 നു നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള അനുമതി നാളെ നൽകിയേക്കും. തേക്കിൻകാട് മൈതാനത്താണ് ഇരുവിഭാഗത്തിന്റെയും വേല വെടിക്കെട്ടുകൾ നടക്കുക.
വെടിക്കെട്ടിന് അപേക്ഷ ലഭിച്ചാലുടൻ വിഷയത്തിൽ തീരുമാനമെടുക്കണമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി എഡിഎമ്മിനു നിർദേശം നൽകിയിരുന്നു. തുടർന്നാണ് മാനദണ്ഡങ്ങൾക്കു വിധേയമായി വെടിക്കെട്ടിന് അനുമതി നൽകിയത്. ഭക്തരുടെ വിശ്വാസത്തെ മാനിച്ചും ആചാരസംരക്ഷണത്തിനു വേണ്ടിയുമാണ് അനുമതി എന്ന് എഡിഎമ്മിന്റെ അനുമതി പത്രത്തിൽ വ്യക്തമാക്കുന്നു.
രാത്രി 12.30നും 2നും ഇടയിലാണ് വെടിക്കെട്ട് നടത്തേണ്ടത്. 100 മീറ്ററിൽ ബാരിക്കേഡ് കെട്ടി ആളുകളെ തടയണം. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കരുത്. പെസോ നിർദേശിച്ച ഓലപ്പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. വെടിക്കെട്ടിന്റെ വിഡിയോ പകർത്തി എഡിറ്റ് ചെയ്യാതെ 3 ദിവസത്തിനകം എഡിഎമ്മിന്റെ ഓഫിസിൽ എത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഞായറാഴ്ച നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള രേഖകൾ ദേവസ്വം ഇന്നലെ എഡിഎമ്മിന് സമർപ്പിച്ചിട്ടുണ്ട്. 5 ന് രാത്രി നായ്ക്കനാലിലെ പഞ്ചവാദ്യത്തിനു ശേഷമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട്. ഇപ്പോഴത്തെ അനുമതി വേല വെടിക്കെട്ടിനു മാത്രമുള്ളതാണ്. പൂരം വെടിക്കെട്ട് സംബന്ധിച്ച ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പൂരം വെടിക്കെട്ടിന് കേന്ദ്ര നിയമത്തിലെ ഭേദഗതികൾ എങ്ങനെ മറികടക്കുമെന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ.