ചെന്നൈ: ദീര്‍ഘകാല പ്രണയത്തിനൊടുവില്‍ വിവാഹിതരാകുകയും നാടകീയമായി വിവാഹ മോചനം നേടുകയും ഒടുവില്‍ ചെന്നെയിലെ ബിഗ്‌ബോസ് സീസണ്‍ അവാര്‍ഡ് നൈറ്റില്‍ വീണ്ടും ഒന്നിച്ചു ചേരുകയും ചെയ്ത പ്രിയ രാമന്റെയും രഞ്ജിത്തിന്റെയും ജീവിതം സിനിമയെ വെല്ലുന്നത്. പരിപാടി ഹോസ്റ്റ് ചെയ്ത വിജയ് സേതുപതിക്കു കൈകൊടുക്കാന്‍ പോലും മറന്ന് ആലിംഗന ബദ്ധരായി നിന്ന അവരുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ അവരുടെ വേര്‍ പിരിയലിനു പിന്നിലെ കഥ പലര്‍ക്കും അജ്ഞാതമാണ്. അതിന്റെ പിന്നണിക്കഥകള്‍ ഇതാ…
തമിഴില്‍ രജനികാന്ത് ആദ്യമായി നിര്‍മ്മിച്ച വളളി എന്ന സിനിമയിലൂടെയാണു പ്രിയ അഭിനയ രംഗത്ത് എത്തിയത്. പിന്നീടു തുമ്പോളിക്കടപ്പുറം, നമ്പര്‍വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, കാശ്മീരം, അര്‍ഥന, ആറാം തമ്പുരാന്‍, മാന്ത്രികം തുടങ്ങി നിരവധി ചിത്രങ്ങള്‍.
നാട്ടുരാജാവ്, രാജമാണിക്യം, ചന്ദ്രോത്സവം അടക്കമുളള മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് പ്രിയയെ കാണുന്നത് നേസം പുതൂസാ എന്ന തമിഴ്പടത്തിന്റെ സെറ്റിലാണ്. ആ സിനിമയില്‍ പ്രിയയും രഞ്ജിത്തും നായികാ നായകന്‍മാരായിരുന്നു. അവിടെനിന്നു വളര്‍ന്ന പ്രണയം വിവാഹത്തിലെത്തി. അഭിനയം താത്കാലികമായി അവസാനിപ്പിച്ച് പ്രിയ വീട്ടമ്മയായി. രഞ്ജിത്ത് അഭിനയവുമായി മുന്നോട്ടുപോയി.
15 വര്‍ഷത്തിനുശേഷമാണ് അവരുടെ ജീവിതത്തില്‍ വിള്ളലുണ്ടാകുന്നത്. വിവാഹമോചനത്തില്‍ കലാശിച്ചെങ്കിലും പ്രിയയ്ക്കു രഞ്ജിത്തിനെ ജീവനായിരുന്നു. ഒരിക്കല്‍ പ്രിയയെ ഉപേക്ഷിച്ച രഞ്ജിത്ത് കെ.ആര്‍. സാവിത്രിയുടെ മകള്‍ രാഗസുധയെ വിവാഹം ചെയ്തു. എന്നാല്‍, ആ ബന്ധവും അധികം നീണ്ടില്ല.
ഇതിനിടെ കഠിനാധ്വാനം ചെയ്തു കുഞ്ഞുങ്ങളെ വളര്‍ത്താന്‍ തീരുമാനിച്ച പ്രിയ, സീരിയല്‍ അഭിനയവുമായി മുന്നോട്ടുപോയി. ചെമ്പരത്തി എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സീരിയലിലെ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രം അവര്‍ക്ക് സിനിമകളേക്കാള്‍ ആരാധകരെ നേടിക്കൊടുത്തു. ഈ കാലത്തും രഞ്ജിത്തിനെ മറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം. രണ്ടാമതൊരു വിവാഹത്തിനും അവര്‍ മുതിര്‍ന്നില്ല. തന്നെയും മക്കളെയും തനിച്ചാക്കി പോയിട്ടും രഞ്ജിത്തിനെ വെറുക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞില്ല എന്നതില്‍ നിന്നും അവരുടെ സ്നേഹത്തിന്റെ ആഴം വ്യക്തമായിരുന്നു. ഏറെക്കാലം ഒറ്റാംതടിയായി തനിച്ച് ജീവിച്ചു രഞ്ജിത്ത്. അതിനിടയില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നതായും പറയപ്പെടുന്നു.
സ്വന്തമായി ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങിയ പ്രിയ രഞ്ജിത്തിനെ തന്റെ ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരുമിച്ചുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം ആരാധകരും ഞെട്ടി. ഭര്‍ത്താവിനൊപ്പമുളള ആദ്യ സിനിമയിലെ പ്രണയചിത്രം ഒരിക്കല്‍ പ്രിയ പോസ്റ്റ് ചെയ്തു. രഞ്ജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രിയ ഇട്ട പോസ്റ്റിന്റെ കാപ്ഷന്‍ ഇങ്ങനെയായിരുന്നു. ‘മെനി മോര്‍ ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ ഡിയറസ്റ്റ് ഹബ്ബീ..’
ഇരുവരും ഒന്നിച്ച് കാണാന്‍ അഭ്യുദയകാംക്ഷികള്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആര് മുന്‍കൈ എടുക്കും എന്നത് ചോദ്യ ചിഹ്നമായി. മാത്രമല്ല രഞ്ജിത്തിന്റെ മനസില്‍ അങ്ങനെയൊരു ആഗ്രഹമുണ്ടോയെന്ന് ഉറപ്പില്ലല്ലോ? 2018 ലെ സീ ടിവി അവാര്‍ഡ് വേദിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കേണ്ട സാഹചര്യം വന്നു. മികച്ച നടിക്കുളള അവാര്‍ഡ് പ്രിയ രഞ്ജിത്തിന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങുന്നതിലെ കൗതുകവും വാര്‍ത്താപ്രാധാന്യവും കണക്കിലെടുത്ത് സംഘാടകര്‍ അങ്ങനെയൊരു ക്രമീകരണം നടത്തി. അതൊരു സ്‌ക്രിപ്റ്റഡ് സീനായിരുന്നുവെന്നും അല്ലെന്നും രണ്ട് തരത്തില്‍ പറയപ്പെടുന്നു. എന്നാല്‍ പ്രിയയ്ക്കും രഞ്ജിത്തിനും തങ്ങള്‍ നല്‍കിയ ഒരു സര്‍പ്രൈസായിരുന്നു അതെന്ന് സംഘാടകര്‍ സമര്‍ത്ഥിക്കുന്നു.
എന്തായാലും പ്രിയയ്ക്ക് പുരസ്‌കാരം നല്‍കാനായി രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ പരിസരം മറന്ന് അമ്പരപ്പൂം ആഹ്ളാദവും തിങ്ങി വിങ്ങുന്ന കണ്ണുകളുമായി നിന്ന പ്രിയയുടെ ആ ഭാവപ്പകര്‍ച്ച ഇന്നും സമൂഹമാധ്യമങ്ങളിലുണ്ട്. പുരസ്‌കാരം കൈമാറായി വേദിയിലേക്ക് ക്ഷണിക്കപ്പെട്ട രഞ്ജിത്ത് തന്റെ കൈകളില്‍ കരുതിയിരുന്ന ഒരു റോസാപ്പൂവ് ആദ്യം പ്രിയക്ക് സമ്മാനിച്ചു. പ്രിയ ഒരു പ്രണയിനിയുടെ ലജ്ജയോടും ആത്മഹര്‍ഷത്തോടും രഞ്ജിത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. രഞ്ജിത്ത് പ്രിയയെ ചേര്‍ത്ത് പിടിച്ചു. തൊട്ടുപിന്നാലെ പുരസ്‌കാര ദാനവും നടന്നു. ആ ചിത്രം ഇന്‍സ്റ്റയില്‍ പങ്ക് വച്ചുകൊണ്ട് പ്രിയ ഇങ്ങനെ കുറിച്ചു. ‘ഭര്‍ത്താവില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്നത് എത്ര അഭിമാനകരം’…എന്നാല്‍ വിചാരിച്ചത്ര എളുപ്പത്തില്‍ ആ ഒന്നാകല്‍ സംഭവിച്ചില്ല. അജ്ഞാതമായ ഏതൊക്കെയോ കാരണങ്ങളാല്‍ അത് നീണ്ടുപോയി. എന്നാല്‍ ഒരു ദിവസം ഒരുമിച്ചുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ട് പ്രിയയും രഞ്ജിത്തും തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച വിവരം പരസ്യപ്പെടുത്തി. സഹൃദയലോകം നിറഞ്ഞ മനസോടെയാണ് അതിനെ സ്വീകരിച്ചത്.