തിരുവനന്തപുരം: സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ ആശ്രദ്ധമായാണ് വാഹനം ഓടിക്കുന്നതെന്നും അത് ശ്രദ്ധയില്‍ പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസിനു നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിൻ്റെ സര്‍വിസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാർക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. ഡീസല്‍ കത്തിച്ച് തീര്‍ക്കുന്നു. ഇവര്‍ ഓടിക്കുമ്പോള്‍ മൈലേജ് കുറവാണ്. ഇത് തടയാന്‍ പുതിയ പദ്ധതി തയാറാക്കാന്‍ ഒരുങ്ങുകയാണ്. പ്രതികാര ബുദ്ധിയോടെ ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കേണ്ട ആവശ്യമില്ല. ഇലക്ട്രിക് ബസുകള്‍ അമിത വേഗത്തില്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
തന്റെ വാഹനത്തില്‍ ക്യാമറ വാങ്ങി വച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാത്ത യാത്ര, മൂന്നു പേരെ വച്ചുള്ള ബൈക്ക് യാത്ര തുടങ്ങിയ നിയമലംഘനങ്ങള്‍ എല്ലാം പകര്‍ത്തി ആര്‍ടിഒയ്ക്ക് കൈമാറുമെന്നും ഗണേഷ് കുമാർ പറഞ്ഞു.