കൊച്ചി: ഇന്ത്യയിലെ സ്ത്രീകളുടെ കൈയില്‍ അമേരിക്കയുടെ ഔദ്യോഗിക ശേഖരത്തെക്കാള്‍ മൂന്നിരട്ടി സ്വര്‍ണമെന്നു കണക്കുകള്‍. സ്വര്‍ണവില കുതിച്ചുയരുമ്പോഴും മലയാളികള്‍ക്കു സ്വര്‍ണത്തോടുള്ള അഭിനിവേശത്തിന് ഒട്ടും കുറവില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളിലാണ് ഇക്കാര്യം.
2023ലെ കണക്കുപ്രകാരം ഇന്ത്യന്‍ സ്ത്രീകളുടെ കൈവശം ഏകദേശം 25,000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് യുഎസ്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ മുന്‍നിര രാജ്യങ്ങളുടെ ഔദ്യോഗിക കരുതല്‍ സ്വര്‍ണശേഖരത്തേക്കാള്‍ ഏറെ കൂടുതലുമാണത്രേ. 8,000 ടണ്‍ മാത്രമാണ് യുഎസിന്റെ കരുതല്‍ സ്വര്‍ണശേഖരം. ഇതിന്റെ മൂന്നിരട്ടിയാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. ലോകത്തെ മൊത്തം സ്വര്‍ണാഭരണത്തിന്റെ 11 ശതമാനവും ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജര്‍മനിക്ക് 3,300 ടണ്ണും ഇറ്റലിക്ക് 2,450 ടണ്ണും കരുതല്‍ സ്വര്‍ണശേഖരമേയുള്ളൂ. ഫ്രാന്‍സിന് 2,400 ടണ്‍. റഷ്യയ്ക്ക് 1,900 ടണ്‍. ഈ 5 രാജ്യങ്ങളുടെ ശേഖരം കൂട്ടിവച്ചാലും ഇന്ത്യന്‍ വനിതകളുടെ കൈവശമുള്ളത്ര സ്വര്‍ണമാകില്ല. യുഎസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി എന്നിവയുടെയും രാജ്യാന്തര നാണയനിധിയുടെയും (ഐഎംഎഫ്) കൈവശമുള്ള സ്വര്‍ണം ചേര്‍ത്തുവച്ചാലും ഇന്ത്യക്കാരുടെ സ്വര്‍ണശേഖരത്തിന്റെ അടുത്തെങ്ങും എത്തില്ല.
ഇന്ത്യയില്‍ സ്വര്‍ണത്തോട് കൂടുതല്‍ താല്‍പര്യം കാട്ടുന്നത് ദക്ഷിണേന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാടാണ് ഏറ്റവും മുന്നില്‍. ഇന്ത്യയിലെ മൊത്തം സ്വര്‍ണത്തില്‍ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. അതില്‍ 28 ശതമാനവും തമിഴ്‌നാട്ടില്‍. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 40 ശതമാനം മതിക്കുന്ന സ്വര്‍ണസമ്പത്താണ് കുടുംബങ്ങളുടെ കൈവശമുള്ളത്.
രാജ്യത്ത് സ്വര്‍ണത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്ന് അടുത്തിടെ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. പ്രതിദിനം 250-300 കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പന കേരളത്തില്‍ നടക്കുന്നുണ്ട്. വാര്‍ഷിക വില്‍പന ഒരുലക്ഷം കോടിയിലേറെ രൂപയും.
വിവാഹിതയായ സ്ത്രീയ്ക്ക് പരമാവധി 500 ഗ്രാം സ്വര്‍ണം (62.5 പവന്‍) കൈവശം വയ്ക്കാനേ ഇന്ത്യയിലെ ആദായനികുതി നിയമം അനുവദിക്കുന്നുള്ളൂ. അവിവാഹിതയെങ്കില്‍ പരമാവധി 250 ഗ്രാം (31.25 പവന്‍) മാത്രം. അതേസമയം, പുരുഷന് വിവാഹം കഴിച്ചാലും ഇല്ലെങ്കിലും പരമാവധി കൈവശം വയ്ക്കാവുന്നത് 100 ഗ്രാം (12.5 പവന്‍) മാത്രം. രേഖകളില്ലാതെ കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവാണിത്. ഇതില്‍ കൂടുതല്‍ സ്വര്‍ണമുണ്ടെങ്കില്‍ ഉറവിടം വ്യക്തമാക്കുന്ന രേഖയും സൂക്ഷിക്കണം. ഉദാഹരണത്തിന് സ്വര്‍ണം വാങ്ങിയ ബില്‍. അല്ലെങ്കില്‍ പാരമ്പര്യ സ്വത്തായി ലഭിച്ചതിന്റെ രേഖകള്‍.