‘ഭായി’മാരെക്കൊണ്ട് നിറഞ്ഞ് ഇസ്രയേല്‍; പലസ്തീനികള്‍ക്ക് തൊഴില്‍ വിലക്ക്; ഗുണം കിട്ടിയത് ഇന്ത്യക്ക്; നിര്‍മാണ മേഖലയിലേക്ക് വന്‍ കുടിയേറ്റം; സുരക്ഷിതം; മൂന്നിരട്ടി കൂലിയും

ടെല്‍ അവീവ്: ഇന്ത്യയുടെ അടുത്ത ഗള്‍ഫ് ആകുമോ ഇസ്രയേല്‍? ഹമാസുമായുള്ള യുദ്ധത്തിനു പിന്നാലെ പലസ്തീനികളെ വ്യാപകമായി ജോലികളില്‍നിന്ന് ഒഴിവാക്കുകയാണ് ഇസ്രയേല്‍. ഇതിനു പകരം ഇന്ത്യയില്‍നിന്നുള്ളവരെയാണ് ഏറെയും റിക്രൂട്ട് ചെയ്യുന്നത്. നിര്‍മാണ മേഖലയിലും കാര്‍ഷിക മേഖലയിലുമെല്ലാം ഇപ്പോള്‍ ഇന്ത്യക്കാരാണു കൂടുതല്‍ എത്തുന്നത്. സുരക്ഷിതത്വവും മികച്ച പ്രതിഫലവുമാണ് മറ്റൊരു ആകര്‍ഷണം.

ഒക്‌ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ ആയിരക്കണക്കിനു പലസ്തീനികളെയാണ് ഇസ്രയേല്‍ ജോലികളില്‍നിന്ന് വിലക്കിയത്. ഇന്ന് കണ്‍സ്ട്രക്്ഷന്‍ സൈറ്റുകളില്‍ ഹിന്ദിയാണ് ഏറെ സംസാരിക്കുന്നത്. നിലവില്‍ കേരളത്തിലേക്ക് മികച്ച കൂലി പ്രതീക്ഷിച്ച് എത്തുന്നവര്‍ ഭാവിയില്‍ ഇസ്രയേല്‍ സ്വപ്‌നം കണ്ടുതുടങ്ങും. അംബരചുംബികളുടെയും വീടുകളുടെയും റോഡുകളുടെയുമൊക്കെ നിര്‍മാണ സ്ഥലത്തു ചെന്നാല്‍ ഇന്ത്യക്കാരുടെ ആധിക്യമാണു കാണുക.

ഹമാസിന്റെ ആക്രമണവും അതിനുശേഷമുള്ള യുദ്ധവും പിന്നാലെ ഇറാന്റെ പിന്തുണയോടെയ ഹിസ്ബുള്ളയുടെയും ലബനനിലെ ഹൂതികളുടെയും ആക്രമണങ്ങളും ഐസ് ഭീകരരുമായുളള ഏറ്റുമുട്ടലുകളുമടക്കം നിരവധിയിടങ്ങളില്‍ യുദ്ധത്തിലാണ് ഇസ്രയേല്‍. എന്നാല്‍, ഇതൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് രാജു നിഷാദ് എന്ന ഇന്ത്യക്കാരനായ ചെറുപ്പക്കാരന്‍ പറയുന്നത്. ഇന്ത്യയില്‍ സമ്പാദിക്കുന്നതിന്റെ മൂന്നിരട്ടി ഇവിടെ നേടാന്‍ കഴിയുന്നുണ്ടെന്ന് രാജു പറയുന്നു. രാജുവിനെപ്പോലെ നൂറുകണക്കിന് ആളുകളെ ആകര്‍ഷിക്കുന്നതും ഇതുതന്നെയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 16,000 ഇന്ത്യക്കാരാണ് ഇസ്രയേലില്‍ എത്തുന്നത്.

ഇന്ത്യ വേഗത്തില്‍ വളരുന്ന രാജ്യമായിട്ടും ലോകത്തെ അഞ്ചാമത്തെ സമ്പന്ന മേഖലയായിട്ടും ആവശ്യത്തിനു തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയാത്തതാണു വന്‍ പ്രതിസന്ധിക്കിടയാക്കുന്നത്. നേരത്തേ, ഇസ്രയേലിലേക്ക് ആയിരക്കണക്കിനു ആളുകള്‍ എത്തിയിരുന്നെങ്കിലും അതെല്ലാം ആതുരശുശ്രൂഷാ മേഖലകളിലായിരുന്നു. ഐടി പ്രഫഷണലുകളും വജ്രവ്യാപാരികളും ഇസ്രയേലിലെത്തി. എന്നല്‍, യുദ്ധത്തിനുശേഷം നിര്‍മാണ മേഖലയിലേക്കും കൂടുതലായി റിക്രൂട്ട്‌മെന്റ് തുടങ്ങി.

ഇസ്രയേലിലേക്കു മാത്രം തങ്ങള്‍ 3500 ജോലിക്കാരെ റിക്രൂട്ട് ചെയ്‌തെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ പറയുന്നു. ഇന്ത്യയും ഇസ്രയേലുമായുള്ള മികച്ച ബന്ധം പരിഗണിക്കുമ്പോള്‍ പ്രതിവര്‍ഷം 10,000 പേരെങ്കിലും എത്തിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

കുറഞ്ഞകാലത്തിനുള്ളില്‍ മൂന്നിരട്ടി പണം സമ്പാദിക്കാന്‍ കഴിയുമെന്നു യുപിയില്‍നിന്ന് ഇസ്രയേലിലെത്തിയ കുമാര്‍ വെര്‍മയും പറയുന്നു. ഹമാസ് ആക്രമണത്തിനുമുമ്പ് 80,000 പലസ്തീനികള്‍ ഇസ്രയേലിലെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്നു. 26,000 വിദേശികളും ജോലിക്കെത്തി. എന്നാല്‍, യുദ്ധത്തിനുശേഷം ജോലിക്കാരെ കിട്ടാനില്ലാത്ത സ്ഥിതിയായി. 2024ല്‍ യുദ്ധത്തിനുമുമ്പുണ്ടായിരുന്നതിനേക്കാള്‍ നിര്‍മാണ മേഖലയുടെ വേഗം കുറഞ്ഞു. ഇതു പരിഹരിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7