ചെറുതുരുത്തി: മയക്കുമരുന്നുസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ മർദിച്ച് കൊന്ന് ഭാരതപ്പുഴയിൽ തള്ളി. നിലമ്പൂർ വഴിക്കടവ് കുന്നുമ്മൽ സൈനുൽ ആബിദ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പുഴയിൽ ആബിദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ ആറു പേരെ ചെറുതുരുത്തി പോലീസ് അറസ്റ്റു ചെയ്തു.
ചെറുതുരുത്തി വെട്ടിക്കാട്ടിരി കലാമണ്ഡലത്തിനു സമീപം ലക്ഷംവീട് കോളനിയിൽ പാളയംകോട്ടക്കാരൻ വീട്ടിൽ ഷജീർ (33), സഹോദരൻ റജീബ് (30), ചെറുതുരുത്തി പുതുശ്ശേരി കമ്പനിപ്പടി ചോമയിൽ വീട്ടിൽ സുബൈർ (38), ചെറുതുരുത്തി ഗവ. ഹൈസ്‌കൂളിനു സമീപം കല്ലായിക്കുന്നത്ത് വീട്ടിൽ അഷ്‌റഫ് (26), ചെറുതുരുത്തി പുതുശ്ശേരി പള്ളിത്താഴത്ത് വീട്ടിൽ അബ്ദുൾ ഷെഹീർ (29), പുതുശ്ശേരി കമ്പനിപ്പടി അന്തിയംകുളം വീട്ടിൽ മുഹമ്മദ് ഷാഫി (27) എന്നിവരാണ് അറസ്റ്റിലായത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.
പിടിയിലായവർ മയക്കുമരുന്നു കേസുകൾ അടക്കം അനേകം കേസുകളിൽ പ്രതികളായവരാണ്. ചിലരെ കാപ്പ നിയമപ്രകാരം നാടു കടത്തിയിട്ടുണ്ട്. ചിലർ ജയിലിൽനിന്ന് അടുത്തിടെ ഇറങ്ങിയതാണ്. മൃതദേഹം കണ്ടെത്തിയ ചെറുതുരുത്തി പുതുശ്ശേരി ശ്മശാനത്തിന് തൊട്ടടുത്ത് പുഴയോരത്തെ പ്രദേശം മയക്കുമരുന്നു സംഘങ്ങളുടെ കേന്ദ്രമാണ്. വില കൂടിയ ഒരു ലോക്കറ്റ് സൈനുൽ ആബിദ് മോഷ്ടിച്ചു എന്നാരോപിച്ച് സംഘം ഇയാളെ വിളിച്ചു വരുത്തി പുഴയുടെ തീരത്തു കൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് മരക്കഷണം, വടി എന്നിവകൊണ്ട് മർദിച്ചു. വാരിയെല്ലുകൾ പൊട്ടി ആന്തരികാവയവങ്ങളിൽ കുത്തിക്കയറിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ബോധരഹിതനായ സൈനുൽ ആബിദിനെ വെള്ളത്തിൽ മുക്കിപ്പിടിച്ചു. മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ സംഘം മൃതദേഹം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.