യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അപലപിച്ചു. ആക്രമണത്തില്‍ നിന്നും ടെഡ്രോസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥരും വിമാനത്തില്‍ കയറാന്‍ പോകുമ്പോള്‍ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തെ ഭയാനകമെന്നാണ് ടെഡ്രോസ് വിലയിരുത്തിയത്. തലനാരിഴയ്ക്കായിരുന്നു ടെഡ്രോസ് രക്ഷപ്പെട്ടത്.
തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളം, സൈനിക കേന്ദ്രങ്ങള്‍, പവര്‍ സ്‌റ്റേഷനുകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഹൂതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രയേലിന്റെ വ്യോമാക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍ോണിയോ ഗുട്ടെറസും അപലപിച്ചു. ഗാസയിലെ പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഹൂതികള്‍ ഇസ്രയേലിന് നേരെ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് വ്യോമാക്രമണം നടന്നിരിക്കുന്നതെന്നും ഗുട്ടറസ് പറഞ്ഞു.
‘ഞാനും സംഘവും വിമാനത്തില്‍ കയറാന്‍ പോകുമ്പോഴായിരുന്നു ആക്രമണം നടന്നതെന്നും വിമാനത്തിലെ ഒരു ജീവനക്കാരന് പരുക്കേല്‍ക്കുകയും വിമാനത്താവളത്തില്‍ രണ്ട് പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു. ഞങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഡിപ്പാര്‍ച്ചര്‍ ലോഞ്ച്, റണ്‍വേ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. UN, WHO സഹപ്രവര്‍ത്തകരും ഞാനും സുരക്ഷിതരാണ് അഥാനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു. ഹൂതികള്‍ തടവിലാക്കിയിരിക്കുന്ന യുഎന്‍ ജീവനക്കാരെ മോചിപ്പിക്കുന്നതിനും അവരുടെ മാനുഷിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുമാണ് ഗെബ്രിയേസസിന്റെ നേതൃത്വത്തിലുള്ള സംഘം യെമനില്‍ എത്തിയത്.
ഹൂതികള്‍ക്കെതിരായ നടപടികളുടെ തുടക്കത്തില്‍ മാത്രമാണ് ഇസ്രായേലെന്ന് ചാനല്‍ 14ന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. തെക്കന്‍ ലെബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളക്കെതിരെ ഇസ്രായേല്‍ സൈന്യം നടത്തിയ നിരന്തര നടപടികളിലൂടെ സിറിയന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനമായ ആയുധ ശേഖരങ്ങളില്‍ ഭൂരിഭാഗവും നശിപ്പിച്ച സാഹചര്യത്തില്‍ നിലവില്‍ ഇസ്രായേലിന് മേല്‍ക്കൈയുണ്ട്.
വിമാനത്താവളത്തില്‍ ആക്രമണം നടത്തിയതിന് പുറമെ യെമന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ഹൊദൈദ, സാലിഫ്, റാസ് കനാറ്റിബ് തുറമുഖങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. രാജ്യത്തെ ഹെസ്യാസ്, റാസ് കനാറ്റിബ് പവര്‍ സ്റ്റേഷനുകളിലും ആക്രമണം നടത്തിയിരുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സബ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തോട് വേഗത്തില്‍ പ്രതികരിക്കാനും അതിനെ നേരിടാനും തങ്ങള്‍ തയ്യാറാണെന്ന് ഹൂതികളെ ഉദ്ധരിച്ച് അല്‍ മസീറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.