ഹൈദരാബാദ്: 12 വയസുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചന്ന ആരോപണം നേരിടുന്ന ബന്ധുവിനോട് പ്രതികാരം ചെയ്യാൻ കുവൈത്തിൽ നിന്ന് പറന്നെത്തി പിതാവ്. ഡിസംബർ ആറിനാണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലാണ് സംഭവം. തന്റെ മകളെ പീഡിപ്പിച്ച അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന് വൈകീട്ടുതന്നെ പിതാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അടുത്തിടെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ആഞ്ജനേയ പ്രസാദ് തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ശാരീരിക വൈകല്യമുള്ള ബന്ധു പി ആഞ്ജനേയുലുവിനെ (59) ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയതായി രാജംപേട്ട് സബ് ഡിവിഷണൽ പോലീസ് ഓഫീസർ എൻ സുധാകർ പറഞ്ഞു.
കൊലപാതകക്കേസ് അന്വേഷിച്ച പോലീസിന് ആദ്യഘട്ടത്തിൽ തുമ്പൊന്നും കിട്ടിയില്ല. എന്നാൽ ആഞ്ജനേയ പ്രസാദ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ആഞ്ജനേയയും ഭാര്യ ചന്ദ്രകലയും 15 വർഷമായി കുവൈറ്റിൽ ജോലിചെയ്യുകയാണ്, ആദ്യം മകളും ഇവർക്കൊപ്പമായിരുന്നു. എന്നാൽ പിന്നീട് അയാൾ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ അടുത്താക്കുകയും മകളുടെ ചെലവുകൾക്കുള്ള പണം ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഭാര്യാ മാതാവിനെയും അദ്ദേഹം വിദേശത്തേക്ക് കൊണ്ടുപോയി. ഭാര്യയുടെ കുടുംബത്തിന്റെ സാമ്പത്തികനില മോശമായതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് പെൺകുട്ടി ചന്ദ്രകലയുടെ സഹോദരി ലക്ഷ്മിക്കും ഭർത്താവിനുമൊപ്പം താമസം മാറി.
ആദ്യമൊക്കെ കുട്ടിയെ നന്നായി നോക്കിയിരുന്ന ഭാര്യാസഹോദരിയുടെ കുടുംബം പിന്നീട് അതിന് വിസമ്മതം അറിയിച്ചു. ഇതോടെ ഭാര്യാമാതാവ് നാട്ടിലേക്ക് തിരിച്ചെത്തി. എന്നാൽ പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് അഭ്യർത്ഥിച്ചാണ് ഭാര്യാമാതാവ് അപ്രതീക്ഷിതമായി തങ്ങളെ വിളിച്ചതെന്ന് ആഞ്ജനേയ പറഞ്ഞു. കുവൈത്തിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി മാതാപിതാക്കളോട് അനുഭവം പങ്കുവച്ചു.
കുട്ടിക്കളി കാര്യമായി, ഒഴിവായത് മറ്റൊരു അപകടം, രക്ഷിതാവ് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തു, മുന്നോട്ടുപാഞ്ഞ മതിലിലേക്ക് ഇടിച്ചുകയറി അപകടം
ഇതോടെ കുടുംബം പോലീസിൽ പരാതി നൽകി. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളുണ്ടായില്ല. പോലീസ് അക്രമിയെ താക്കീതുചെയ്ത് വിട്ടയച്ചുവെന്നും പരാതിക്കാരെ ശകാരിച്ച് മടക്കിയയച്ചുവെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇതോടെയാണ് മകളോട് അതിക്രമം കാട്ടിയവരോട് പ്രതികാരം ചെയ്യാൻ പിതാവ് തീരുമാനിക്കുന്നത്.
തുടർന്ന് ഡിസംബർ ആറിന് പിതാവ് കുവൈത്തിൽനിന്ന് ആന്ധ്രയിലെത്തുകയും വീടിനു പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ആഞ്ജനേയുലുവിനെ ഇരുമ്പ് ദണ്ഡുകൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തി പിതാവ് അന്നേദിവസംതന്നെ വിദേശത്തേക്ക് മടങ്ങി. പിന്നീട് യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുകയായിരുന്നു. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായി പോലീസ് അറിയിച്ചു.