തിരുവനന്തപുരം: എസ്ഒജി കമാൻഡോ വിനീതിൻറെ ആത്മഹത്യയിൽ മേലുദ്യോഗസ്ഥർക്കെതിരെ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ. മേലുദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിച്ചതിൻറെ ബാക്കിപത്രമാണ് വിനീതിൻറെ ആത്മഹത്യയെന്ന് കേരള പൊലീസ് അസോസിയേഷൻ പ്രമേയത്തിൽ ആരോപിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ചാണ് കമാൻഡോ പരിശീലനമെന്നും വ്യക്തികേന്ദ്രീകൃത പീഡനമായി ഇത് പലപ്പോഴും മാറുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
ഇപ്പോൾ പുറത്തുവന്ന മുഴുവൻ ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ഇതിന് പരിഹമാരമായി ഉപരിപ്ലവമായ നടപടികൾ മതിയാവില്ലെന്നും കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രമേയത്തിൽ പറയുന്നു. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള ജനാധിപത്യവേദി പോലും എസ്ഒജി കമാൻഡോകൾക്ക് നിഷേധിക്കപ്പെടുന്നത് അപമാനകരമാണെന്നും പ്രമേയത്തിൽ പറഞ്ഞു.
മലപ്പുറത്ത് അരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഹവിൽദാർ സി വിനീതിൻറെ ആത്മഹത്യ ദാരുണവും പൊലീസ് സേനയെ മാത്രമല്ല സമൂഹ മനസാക്ഷിയാകെ വേദനിപ്പിക്കുന്നതും ആശങ്ക ഉണർത്തുന്നതുമാണ്. തൊഴിൽ മേഖലയിലെ സമ്മർദത്തിന് അടിമപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുക എന്നത് അത്യന്തം അപകടകരമായ അരക്ഷിത ബോധം സേനയിലാകെ പടരുന്നതിന് കാരണമാകും.
ഭാര്യയുടെ ചികിത്സയ്ക്കായി നിക്ഷേപത്തുക ആവശ്യപ്പെട്ടെത്തിയപ്പോൾ നൽകിയില്ല, അപമാനിച്ച് ഇറക്കിവിട്ടു, പിടിച്ചുതള്ളി, ബാങ്കിൽ നിന്ന് ലഭിക്കാനുള്ളത് 25 ലക്ഷം രൂപ, സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ച നിലയിൽ
സൈനിക വിഭാഗം എന്ന നിലയിൽ മറ്റ് തൊഴിൽ വിഭാഗങ്ങളെ അപേക്ഷിച്ച് സമ്മർദഭരിതമായ ഒരു സാഹചര്യം തൊഴിൽ മേഖലയിൽ ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നിരുന്നാലും സവിശേഷമായ ശാരീരികവും മാനസികവുമായ ശേഷി പരിശീലനത്തിലൂടെ ആർജിച്ച ഒരു പൊലീസ് കമാൻഡോയുടെ ആത്മഹത്യയെ ലളിതമായ നിലയിൽ നോക്കി കാണുന്നത് ആത്മഹത്യപരമായിരിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.
എസ്ഒജി കമാൻഡോ വിനീതിൻറെ മരണത്തിൽ വീട്ടുകാരുടെ മൊഴി അന്വേഷണ സംഘമെടുത്തു. വിനീതിൻറെ വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. വിനീത് ഒടുവിൽ നാട്ടിൽ വന്നപ്പോഴുള്ള വിവരങ്ങൾ പ്രത്യേകം ചോദിച്ചറിഞ്ഞു. വാട്സ്ആപ്പ് സന്ദേശം സംബന്ധിച്ച വിവരങ്ങളും തേടി. മൊഴികൾ പരിശോധിച്ച് തുടർനടപടിയുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.