മുളങ്കുന്നത്തുകാവ്/തൃശൂർ: ഉറക്കത്തിൽ ലോറി പാഞ്ഞുകയറിയ മകൻറെ ശരീരത്തിൽനിന്ന് പ്രാണൻ തിരികെപ്പിടിക്കാനായി പിതാവ് പല വീടുകളുടേയും വാതിലുകളിൽ അലറിക്കരഞ്ഞുകൊണ്ട് മുട്ടി നോക്കി. ആരും വാതിൽ തുറന്നില്ല, അതോടെ ഒരു വയസും രണ്ടു മാസവും മാത്രം പ്രായമുള്ള വിശ്വയുടെ ജീവൻ തന്റെ കൈകളിൽ കിടന്ന് പിടഞ്ഞു തീരുന്നത് നോക്കി നിൽക്കേണ്ടി വന്നു അച്ഛൻ രമേശന്.
ചൊവ്വാഴ്ച പുലർച്ചെ നാലോടെയായിരുന്നു നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. റോഡിൽ നാടോടി സംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. ആ കൂട്ടത്തിൽ കുഞ്ഞു വിശ്വയുമുണ്ടായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ രക്ഷിക്കാൻ അലമുറയിട്ടുകരഞ്ഞുകൊണ്ട് രമേശൻ ഒരു വാഹനം തേടി അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീടുകളിലേക്കോടി.
കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല. കുറുവ സംഘാംഗങ്ങളായ കവർച്ചക്കാർ ഇത്തരത്തിൽ പുലർച്ചെ കോളിംഗ് ബെൽ അടിക്കുമെന്നും സൂക്ഷിക്കണമെന്നുമൊക്കെയുള്ള മുന്നറിയിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ ധാരാളമായി സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നതുകൊണ്ട് ആളുകൾ വാതിൽ തുറക്കാൻ ധൈര്യപ്പെട്ടില്ല.
മാത്രമല്ല നാട്ടുകാർ ആ സമയം അപകടം നടന്ന കാര്യമറിഞ്ഞതുമില്ല. ഒരിടത്തും നിന്നും വണ്ടികൾ കിട്ടാതെ വന്നതോടെ രമേശൻ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൻറെ നടുവിൽ കയറി കിടന്നു. ഇതോടെയാണ് ചില വാഹനങ്ങൾ നിർത്തിയതും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതും. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. നേരത്തെ വാഹനം കിട്ടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്ന് പറഞ്ഞ് വിലപികയായിരുന്നു ആ പിതാവ്.