കണ്ണൂർ: കരിവള്ളൂരിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് രാജേഷ് പിടിയിൽ. കണ്ണൂർ പുതിയ തെരുവിലെ ബാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വളപട്ടണം സ്റ്റേഷനിലെത്തിച്ച പ്രതിയെ തുടർ നടപടികൾക്കായി പയ്യന്നൂർ പോലീസിന് കൈമാറി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് (35) കൊല്ലപ്പെട്ടത്. ഇയാളുടെ വെട്ടുകൊണ്ട് ഗുരുതരമായി പരിക്കുപറ്റിയ ദിവ്യശ്രീയെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്നു ദിവ്യ. ഓട്ടൊഡ്രൈവറായ രാജേഷും ദിവ്യശ്രീയും ഏറെ കാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരുടേയും വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഇന്ന് വൈകീട്ട് ആറിന് വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്.
കൊല നടത്താനായി പെട്രോളും കൊടുവാളുമായി രാജേഷ് വീട്ടിലെത്തുകയായിരുന്നു. പെട്രോൾ ദിവ്യശ്രീയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നാലെ കഴുത്തിനു വെട്ടുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. ആക്രമണം തടയാൻ ശ്രമിച്ച പിതാവ് വാസുവിന് കഴുത്തിനും വയറിനുമാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻറെ നിലയും ഗുരുതരമാണ്. ഇദ്ദേഹത്തെ കണ്ണൂരിലെ ബിഎംഎച്ച് ആശുപത്രിയിലെത്തിച്ചു.
ശബരിമല ഡ്യൂട്ടിക്കായി നാളെ പമ്പയിൽ പോകാനിരിക്കെയാണ് ദിവ്യശ്രീ ദാരുണമായി കൊല്ലപ്പെട്ടത്.