കൊച്ചി: മുസ്ലിം ലീഗിനെതിരെ സമസ്തയുടെ (കാന്തപുരം) കീഴിലുള്ള സുന്നി യുവജന സംഘടനയായ എസ്‌വൈഎസ് രംഗത്ത് വന്നു. വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് എസ്‌വൈഎസ് ജന. സെക്രട്ടറി എപി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ പരസ്പരം ആരോപണം ഉന്നയിക്കും. മുഖ്യമന്ത്രി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവാണ്. പാണക്കാട് തങ്ങളും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ്. അവര്‍ തമ്മില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നും എസ്‌വൈഎസ് നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്‌വൈഎസ് സംഘടിപ്പിക്കുന്ന മാനവസഞ്ചാരം പരിപാടിയുടെ ഭാഗമായി കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയമായി വിമർശിച്ച പശ്ചാത്തലത്തിലാണ് എസ്‌വൈഎസ് നേതാവിൻ്റെ പ്രതികരണം. സാദിഖലി തങ്ങൾക്കെതിരായ വിമർശനം മഹാ അപരാധമായും മുസ്ലിം സമൂഹത്തിനെതിരെയുള്ള നീക്കമായും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇതിനെയെല്ലാം തള്ളി കാന്തപുരം വിഭാഗം സമസ്തയുടെ യുവജന നേതാവ് രംഗത്തെത്തിയത്.
പാണക്കാട് കുറെ തങ്ങള്‍മാരുണ്ടെന്നും ആ തങ്ങള്‍മാരെക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. സാദിഖലി തങ്ങള്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റായി വരുന്നതിനു മുന്‍പ് ഏതെങ്കിലും ഘട്ടത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയോടൊപ്പം നിന്നിട്ടുണ്ടോ? ജമാഅത്തെ ഇസ്ലാമിയോടും എസ്ഡിപിഐയോടും ഇതു പോലുള്ള സമീപനം ഏതെങ്കിലും കാലത്തു സ്വീകരിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.