കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരസ്യ വിവാദത്തിൽ വിമർശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുൽ ആബിദീൻ ഷാർജയിൽ പറഞ്ഞു.
‘‘സന്ദീപ് വാരിയരുടെ മാറ്റം എന്തുകൊണ്ട് ഉൾക്കൊള്ളാനാവുന്നില്ല. നല്ലതിലേക്കുള്ള മാറ്റം ഉൾക്കൊള്ളാനാകാതെ നൽകിയ പരസ്യം ബിജെപിക്ക് ഗുണകരമായി. മുനമ്പം വിഷയത്തിൽ സഹകരിച്ച് മുന്നോട്ടു പോകാമെന്ന് തീരുമാനം വന്നതിനു ശേഷം ആ സ്ഥലം വഖഫ് ഭൂമിയാണെന്ന് ലേഖനം വന്നപ്പോൾ കുറേപ്പേർക്ക് വിഷമമുണ്ടായി. പത്രം ഒരു പണ്ഡിതസഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല.
ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തിൽ വരുന്നു. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും’’– സൈനുൽ ആബിദീൻ പ്രതികരിച്ചു. ഇന്നലെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് എന്നീ പത്രങ്ങളിലെ പാലക്കാട് എഡിഷനിൽ സന്ദീപ് വാരിയർക്കെതിരെ എൽഡിഎഫ് പരസ്യം നൽകിയത്. പരസ്യം വിവാദമായതിന് പിന്നാലെയാണ് പത്രത്തിന്റെ നിലാപടിനെ വിമർശിച്ച് വൈസ് ചെയർമാൻ തന്നെ രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് സന്ദീപ് വാരിയർക്കെതിരെ എൽഡിഎഫ് പത്രപ്പരസ്യം നൽകിയത് എന്നും ആരോപണം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ ജില്ലാ കലക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ധയും വളര്‍ത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.