മുംബൈ: മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.ലോകത്തിലെ ഏറ്റവും വലിയ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ വൻതാരയിലേക്ക് എത്തുന്നത് രണ്ട് ആഫ്രിക്കൻ പിടിയാനകളും ഒരു കൊമ്പനാനയുമാണ്. അനന്ത് മുകേഷ് അംബാനി സ്ഥാപിച്ച വൻതാര ജാംനഗറിൽ ആണ് സ്ഥിതി ചെയ്യുന്നത്. ട്യൂണീഷ്യയിലെ ഒരു മൃഗശാലയാണ് ആനകളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് വൻതാരയെ സമീപിച്ചത്.
ആനകളുടെ സങ്കീർണമായ ഡയറ്റ്, ഷെൽട്ടർ, ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾ തുടങ്ങിയവ നിറവേറ്റാൻ സാമ്പത്തിക പരാധീനതകൾ മൂലം ട്യൂനിഷ്യൻ മൃഗശാലക്ക് സാധിച്ചിരുന്നില്ല. അതിനാലാണ് അവർ വൻതാരയെ സമീപിച്ചത്. ദേശീയ – അന്തർദേശീയ നിയമ വ്യവസ്ഥകൾ പാലിച്ചാണ് ആനകളെ എത്തിക്കുന്നത്.
പ്രത്യേകമായി ചാർട്ടർ ചെയ്ത കാർഗോ വിമാനത്തിലാണ് ആനകളെ ഇന്ത്യയിലേക്ക് എത്തിക്കുക. രണ്ട് പതിറ്റാണ്ടു മുൻപ് നാല് വയസുള്ളപ്പോഴാണ് അച്താം , കനി, മിന എന്നീ ആനകൾ ട്യൂണീഷ്യയിലെ ഫ്രിഗ്യ പാർക് സൂവിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് എത്തിയത്.
ആനകൾക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി വൻതാരയിലെ വിദഗ്ധ വെറ്റിറിനറി സംഘം വിലയിരുത്തി. കൃത്യമായ ചികിത്സ ലഭ്യമാകാത്തതിനാൽ ആനകളുടെ ചർമം വരണ്ടു പൊട്ടിയ നിലയിലാണ്. തൊലിപ്പുറത്ത് നിന്നും രോമങ്ങളും കൊഴിഞ്ഞു പോയിട്ടുണ്ട്.
അച്താമിന്റെ ഒരു കൊമ്പ് പിളർന്ന നിലയിലാണ്. കൂടാതെ, മോളാർ ടൂത്ത് അണുബാധയും ഉണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശാസ്ത്രക്രിയ ആവശ്യമാണ്.
പരുക്കൻ നിലത്ത് ദീർഘനേരം നിന്നതിനെ തുടർന്ന് കനിയുടെ നഖങ്ങൾ പൊട്ടിയ അവസ്ഥയിൽ ആണ്. വായുസഞ്ചാരമില്ലാത്ത കോൺക്രീറ്റ് കെട്ടിടത്തിലയിരുന്നു ആനകൾ താമസിച്ചിരുന്നത്. അവരുടെ ഭക്ഷണവും ശുദ്ധജലവും വരെ പരിമിതമായിരുന്നു.