പാലക്കാട്: ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന വിരണ്ടോടുന്നതിനിടെ കിണറ്റില്‍ വീണു ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനയാണ് കിണറ്റില്‍ വീണ് ചരിഞ്ഞത്.
ഇന്നലെ രാത്രി എട്ടരയോടെ ശ്രീകൃഷ്ണപുരത്തെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ക്കാവ് ഭരണി ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ക്ഷേത്രത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ആള്‍മറയില്ലാത്ത കിണറ്റിലേക്കാണ് ആന തലകുത്തി വീണത്. ഉത്സവം കഴിഞ്ഞ ശേഷം നെറ്റിപ്പട്ടം അഴിച്ചു ആനയെ മടക്കി കൊണ്ടു പോകുമ്പോഴാണു സംഭവമെന്നു പൊലീസ് പറഞ്ഞു. നീലിപ്പറമ്പില്‍ വിശ്വന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആന വീണത്.
എട്ടര മണിയോടെ ആനയുടെ ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ട് ഓടിച്ചെന്നപ്പോള്‍ കാലുകള്‍ മേല്‍പ്പോട്ടായി വീണു കിടക്കുന്ന കാഴ്ചയാണു കണ്ടതെന്നു അയല്‍വാസി പറഞ്ഞു. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു.
നാട്ടുകാര്‍ അറിയിച്ചതോടെ സമീപപ്രദേശത്തുള്ള പാപ്പാന്മാരും സ്ഥലത്തെത്തി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി ക്രെയിന്‍ ഉപയോഗിച്ചും മണ്ണു മാന്തി യന്ത്രം കൊണ്ട് കിണര്‍ ഇടിച്ചും നടത്തിയ ശ്രമത്തിനൊടുവില്‍ ചരിഞ്ഞ ആനയെ രാത്രി പത്തര മണിയോടെ പുറത്തെടുത്തു.