നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു; വൈകുന്നേരം അ‍ഞ്ചുമണി വരെ കസ്റ്റഡി കാലാവധി

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരത്തിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവ്. രണ്ടു ദിവസത്തെ കസ്റ്റഡി വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കാലാവധി ഇന്നു വൈകുന്നേരം അഞ്ചുമണി വരെ കോടതി നിശ്ചയിക്കുകയായിരുന്നു. കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

കേസിൽ കൂടുതലായി ചോദ്യം ചെയ്യൽ ആവശ്യമായതിനാൽ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണം സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വൈകുന്നേരം വരെയാക്കി കോടതി നിശ്ചയിക്കുകയായിരുന്നു.

അതേസമയം പിപി ദിവ്യയുടെ ജാമ്യാപേക്ഷ തലശേരി മജിസ്ട്രേട്ട് കോടതിയിൽ ഇന്ന് സമർപ്പിക്കും. എന്നാൽ ജാമ്യഹർജി ഇന്ന് പരിഗണിക്കില്ലെന്നാണ് അറിയുന്നത്.

പള്ളിക്കുന്നിലെ ജയിലിലായിരുന്ന ദിവ്യയെ അതീവ രഹസ്യമായാണ് കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പോലീസ് ഹാജരാക്കിയത്. പുറത്തിറങ്ങിയ ദിവ്യയോട് സംസാരിക്കാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചുവെങ്കിലും ദിവ്യ പ്രതികരിക്കാൻ തയാറായില്ല. നേരത്തെ പൊലീസിന് മുന്നിൽ കീഴടങ്ങിയ ദിവ്യയെ പൊലീസ് മൂന്ന് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. അതിനാലാണ് അന്വേഷണ സംഘം സമയം കൂട്ടിച്ചോദിച്ചത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് പിപി ദിവ്യയെ ഇന്ന് ചോദ്യം ചെയ്യുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7