ദുബായ്: ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ ആറ് വർഷത്തിനകം സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു. ഇതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവിൽ ഏകദേശം 6,31,000 പേർ വ്യോമയാന സംബന്ധമായ ജോലികളിൽ വ്യാപൃതരാണ്. ഇത് ദുബായിലെ അഞ്ചിൽ ഒരാൾക്ക് തുല്യമാണെന്നും അറിയിച്ചു.
ദുബായ് എയർപോർട്ടുകളും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും 2023ൽ 67,000 തസ്തികകൾ അനുവദിച്ചു. ഇത് നഗരത്തിലെ ഓരോ 48 ജോലികളിലും ഒന്ന് വീതമാണ്. ഈ കണക്ക് 2030 ആകുമ്പോഴേയ്ക്കും 87,000 ആയി ഉയരും. ദുബായ് എയർപോർട്ടുകളും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും പിന്തുണയ്‌ക്കുന്ന മൊത്തത്തിലുള്ള ജോലികളുടെ എണ്ണം എമിറേറ്റിലുടനീളം 3,96,000 ആണ്. 2030-ൽ ഇത് 516,000 ആയി വളരുമെന്നും പ്രവചിക്കപ്പെടുന്നു.
ദുബായുടെ സമ്പദ്‌വ്യവസ്ഥയിൽ വ്യോമയാന മേഖലയുടെ സ്വാധീനത്തെക്കുറിച്ച് ആഗോള ഗവേഷണ സ്ഥാപനമായ ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് തയാറാക്കിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ദുബായിലെ 103,000 ജീവനക്കാർക്ക് കഴിഞ്ഞ വർഷം 23 ബില്യൺ ദിർഹം വേതനം നൽകി. തങ്ങളുടെ വളർച്ചാ പദ്ധതികൾ കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവും ദുബായ് എയർപോർട്ട് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു. കോവിഡ്-19ന് ശേഷം വ്യോമയാന മേഖല ശക്തമായി തിരിച്ചുവന്നു. കഴിഞ്ഞ നാല് വർഷമായി ദുബായിയുടെ വളർച്ചാ റിപോർട്ടിലെ പ്രധാന ഘടകങ്ങളിലൊന്നാണിത്. ദുബായ് ആസ്ഥാനമായുള്ള എയർലൈനുകളായ എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നിവ കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ പുതിയ ലക്ഷ്യസ്ഥാനങ്ങൾ ചേർത്തതിനാൽ അവരുടെ തൊഴിൽ ശക്തി വൻതോതിൽ വിപുലീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം
ജബൽ അലിയിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് പൂർണ പ്രവർത്തന ശേഷിയിൽ എത്തുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും. വ്യോമയാന മേഖലയുടെ വളർച്ചയ്ക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രധാന ഘടകങ്ങളിലൊന്നുമായിരിക്കും. നിർമാണ പദ്ധതി ദുബായുടെ പ്രതിശീർഷവരുമാനത്തിൽ 2030ൽ 6.1 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 128 ബില്യൺ ദിർഹം ചെലവ് വരുന്ന പുതിയ വിമാനത്താവളം ദുബായ് ഇന്റർനാഷണലിന്റെ അഞ്ചിരട്ടി വലുപ്പമുള്ളതായിരിക്കും. ആദ്യ ഘട്ടം 10 വർഷത്തിനുള്ളിൽ പൂർത്തിയാകും. ഇതോടെ ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ 400- ലേറെ എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ സ്ഥാപിക്കും. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകാനുള്ള ശേഷി ഇതിനുണ്ടായിരിക്കും.
24,000 നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങൾ
എമിറേറ്റ്‌സ് എയർലൈൻ, ദുബായ് എയർപോർട്ടുകൾ, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങൾ എന്നിവ 2030നകം ഏകദേശം 24,000 നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ ഏവിയേഷൻ മേഖല ഉയർന്ന നിലവാരം പുലർത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ അവർ 1,03,000 പേർക്ക് ജോലി നൽകി. ഇത് 2030 ആകുമ്പോഴേക്കും 127,000 ആയി വർധിക്കും. 23 ശതമാനത്തിലധികം വർധന.
ദുബായുടെ മുൻനിര കാരിയർ 2023 അവസാനത്തോടെ നഗരത്തിൽ 81,000 നേരിട്ടുള്ള ജീവനക്കാരെ നിയമിച്ചു. ഇത് 2030 നകം 104,000 ആയി വർധിക്കാൻ സാധ്യതയുണ്ട്. അതേസമയം, ദുബായ് എയർപോർട്ടുകളിലും മറ്റ് വ്യോമയാന മേഖലകളിലും 21,000 പേർ ജോലി ചെയ്തിട്ടുണ്ട്. പരോക്ഷ തൊഴിലവസരങ്ങളുടെ കാര്യത്തിൽ, എമിറേറ്റ്‌സ് 2023-ൽ 1,06,000 തൊഴിലവസരങ്ങൾ അനുവദിച്ചു. ഇത് 2030-നകം 135,000 ആയി വർധിക്കും. അതുപോലെ, ദുബായ് എയർപോർട്ടുകളും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും 2030-നകം 48,000 തൊഴിലവസരങ്ങളുണ്ടാക്കും. കഴിഞ്ഞ വർഷം ഇത് 33,000 ആയിരുന്നു. എമിറേറ്റ്സ് ആകെ 413,000 ജോലികൾ സംഭാവന ചെയ്തു. എമിറേറ്റിലെ ഓരോ എട്ട് ജോലികളിലും ഒന്ന് എന്നതിന് തുല്യമാണിത്.
UAE Jobs: 185000 job opportunities in Dubai Civil and Aviation Sector over the next 5 Years according to a new report from Emirates Group and Dubai Airports.