പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നിൽ ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട മാഫിയകൾ ഉണ്ടെന്ന് കെ കെ രമ എം.എൽ.എ. കേരളത്തിന് പുറത്തുള്ള അന്വേഷണ ഏജൻസിലൂടെ മാത്രമേ സത്യം പുറത്തുവരൂ എന്നും അവർ പറഞ്ഞു. നവീൻ ബാബുവിൻ്റെ മലയാലപ്പുഴയിലെ കാരുവള്ളിൽ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വലിയ ഗൂഢാലോചന ഇതിനകത്ത് നടന്നിട്ടുണ്ടെന്നും കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ തുടര്‍ച്ചയാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ എത്തിനില്‍ക്കുന്നതെന്നും കെ.കെ.രമ ആരോപിച്ചു.
കേവലം ഒരു പെട്രോൾ പമ്പിൻ്റെ എൻ ഓ സി നൽകാതിരുന്നതിൻ്റെ പേരിലല്ല പി പി ദിവ്യ നവീൻ ബാബുവിനെ അപമാനിച്ചത്. വലിയ ഭൂമി ഇടപാടിന് കൂട്ട് നിൽക്കാതിരുന്നതിൻ്റെ പകയാണ് അവർ പ്രകടിപ്പിച്ചതെന്നും പാർട്ടി കുടുംബത്തോടൊപ്പമാണെന്ന് പറയുമ്പോൾ പാട്ടി ഭരിക്കുന്ന ഗവൺമെൻ്റ് ആർക്കൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും അവർ പറഞ്ഞു. ഇന്ന് ദിവ്യ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും അത് വ്യക്തമാണ്. ടി പി വധക്കേസിൽ പാർട്ടിക്ക് വേണ്ടി ഹാജരായ വിശ്വൻ ആണ് ദിവ്യയുടെ ഹർജിയിലും ഹാജരായത്. ദിവ്യയെ സംരക്ഷിക്കാൻ നൂറ് ശതമാനം പാർട്ടി ഇടപെടൽ ഉണ്ടായിട്ടുണ്ട്. അന്വേഷണ സംഘം ദിവ്യയെ കാണാതെ മറഞ്ഞിരിക്കുകയായിരുന്നു. അവർക്ക് ദിവ്യയുടെ മുന്നിൽ ചെന്ന് പെടുമോ എന്ന ഭയമായിരുന്നു എന്നും കെ കെ രമ പറഞ്ഞു.
‘ഏറ്റവും നല്ല ഉദ്യോഗസ്ഥനാണെന്ന് ജില്ലാ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ഒരാള്‍ക്കെതിരെയാണ് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിക്കുന്നത്. അതു തന്നെ ദുരൂഹമാണ്. വളരെ കൃത്യമായ പ്ലാനിങ്ങാണ് ഇതിനുപിന്നിലുള്ളത്. വലിയ ആലോചന ഇതിനകത്ത് നടന്നിട്ടുണ്ട്. കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ ഒരു തുടര്‍ച്ചയാണിത്. ദുരൂഹമാണ്. കൊലപാതകമാണ് എന്നു സംശയിക്കുന്ന എല്ലാ തെളിവുകളിലേക്കും നയിക്കുന്നുണ്ടെന്നും രമ പറഞ്ഞു.