ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ അഞ്ച് തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഗന്ദർബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലാണ് വെടിവയ്പുണ്ടായത്. ടണൽ നിർമാണത്തിന് എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാംപിനു നേർക്ക് തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
തൊഴിലാളികൾക്കു നേരെ നടന്ന ആക്രമണത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഭീരുത്വവും നീചവുമെന്നു വിശേഷിപ്പിച്ചു. ‘‘ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ എസ്കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. പരിക്കേറ്റവർ പൂർണ്ണ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു’’– ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു. പൊലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
തൊഴിലാളികൾക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളെ തന്റെ ദുഖം അറിയിക്കുന്നതായും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എക്സിൽ കുറിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നതായും നിതിൻ ഗഡ്കരി എക്സിൽ കുറിച്ചു.
Terrorists Kill 5 borers in Ganderbal, Jammu and Kashmir