സിയോള്‍: ദക്ഷിണ കൊറിയയും അമേരിക്കയും ഉത്തര കൊറിയക്കെതിരേ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുന്‍പ് പലതവണ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
കിം ജോങ് ഉന്‍ യൂണിവേഴ്സിറ്റി ഓഫ് നാഷണല്‍ ഡിഫന്‍സില്‍ നടത്തിയ പ്രസംഗത്തിലാണ് ആണവായുധപ്രയോഗത്തെ കുറിച്ച് പരാമര്‍ശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശത്രുക്കള്‍ ഉത്തര കൊറിയക്കെതിരേ സൈനികാക്രമണം നടത്തിയാല്‍ മുഴുവന്‍ ആക്രമണശേഷിയും പ്രയോഗിച്ച് പ്രതിരോധിക്കുമെന്ന് കിം പറഞ്ഞു. ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നും കിം വ്യക്തമാക്കി.
ദക്ഷിണ കൊറിയയും അമേരിക്കയും ജൂലായില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവായുധഭീഷണിയെ നേരിടാനുള്ള പദ്ധതികള്‍ക്കായുള്ള കരാറാണിതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ പക്കല്‍ ആണവായുധം ഇല്ല. ഉത്തര കൊറിയ നടത്തുന്ന ആണവായുധ പരീക്ഷണങ്ങളും മറ്റും കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. മാത്രമല്ല, യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് പ്രതികൂലമായ നീക്കം ഉണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Kim Jong Un again threatens to use nuclear weapons against South Korea and US