സിംഗപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ ഒരുങ്ങി. കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തി. എയര്‍ ചൈന 747 വിമാനത്തിലാണു കിം സിംഗപ്പൂരില്‍ വന്നിറങ്ങിയത്. വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ ചാന്‍കിയാണ് വിമാനത്താവളത്തില്‍ കിമ്മിനെ സ്വീകരിക്കാനെത്തിയത്. തുടര്‍ന്ന് 20 വാഹനങ്ങളുടെ അകമ്പടിയോടെ കിം വിമാനത്താവളത്തില്‍ നിന്നു പുറത്തുകടന്നു. പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങ്ങുമായി കിം കൂടിക്കാഴ്ച നടത്തി.
ഉച്ചകോടിയുടെ വേദിയിലും ആഡംബര ഹോട്ടലുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല മാധ്യമങ്ങളില്‍ നിന്നു കിമ്മിനെ മാറ്റിനിര്‍ത്തുന്നതിനായി ഹോട്ടലുകളില്‍ കൂടുതല്‍ ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്. പ്രാദേശിക സമയം വൈകീട്ട് 3.40നു ഹോട്ടലിലെത്തിയ കിം ആള്‍ക്കൂട്ടത്തിനു പിടി നല്‍കാതെ ഹോട്ടലിനകത്തേക്കു പ്രവേശിക്കുകയായിരുന്നു. കിം ജോങ് ഉന്നിന്റെ സഹോദരിയായ കിം യോ ജോങ്ങും സിംഗപ്പൂരിലെത്തിയിട്ടുണ്ട്. കിമ്മിനു പിന്നാലെ ട്രംപും സിംഗപ്പൂരില്‍ എത്തി.
ജൂണ്‍ 12 നാണ് ചരിത്ര കൂടിക്കാഴ്ച നടക്കുക. ഉച്ചകോടി ശുഭകരമാകുമെങ്കില്‍ കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ യുഎസിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെങ്കില്‍ ഉച്ചകോടിയില്‍നിന്ന് ഇറങ്ങിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ വധിഭീഷണിയുള്ള രാഷ്ട്ര മേധാവിയാണ് ഉത്തര കൊറിയയുടെ കിം ജോങ് ഉന്‍. ഈ അവസരത്തില്‍ കിലോമീറ്ററുകളോളം വിമാനത്തില്‍ യാത്ര ചെയ്ത് സിംഗപ്പൂരിലെത്തുക വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ചൈനയുടെ സഹായത്തോടെ അവരുടെ തന്നെ വിമാനത്തിലാണ് കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തിയത്. ഫ്‌ലൈറ്റ്‌റഡാര്‍ 24 വെബ്‌സൈറ്റ് വഴി കിം ജോങ് ഉന്നിന്റെ വിമാനം പോകുന്ന വഴി ലൈവില്‍ നോക്കി നിന്നിരുന്നത് നിരവധി പേരാണ്. പ്യോംഗാങ് എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ഓരോ നീക്കവും ലോകം വീക്ഷിക്കുകയായിരുന്നു.
ഉത്തര കൊറിയയിലെ പ്രാദേശിക സമയം രാവിലെ 8.30 നാണ് എയര്‍ ചൈന 747 വിമാനം പൊങ്ങിയത്. ചാങ്കി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.40 നാണ് വിമാനം ലാന്‍ഡ് ചെയ്തത്. ബോയിങ് 747 വിമാനത്തിലാണ് സഞ്ചരിച്ചത്. തൊട്ടുപിന്നാലെ മറ്റൊരു എയര്‍ ചൈന വിമാനത്തില്‍ കിമ്മിന്റെ സഹോദരിയും മറ്റു ചിലരുമെത്തി. കിം ജോങ് ഉന്നിന് വേണ്ട മറ്റു സുരക്ഷാ സംവിധാനങ്ങളും അനുയായികളെയും എത്തിച്ചത് എയര്‍ കൊറിയോ വിമാനത്തിലാണ്. കിമ്മിന് സഞ്ചരിക്കേണ്ട ബെന്‍സ് കാറുകളെല്ലാം എത്തിച്ചത് എയര്‍ കൊറിയ വഴിയാണ്.
തുടര്‍ന്ന് 3.05 നാണ് ബെന്‍സ് സെഡാനില്‍ കിം ജോങ് ഉന്നും അനുയായികളും ഹോട്ടലിലേക്ക് തിരിച്ചത്. പൊലീസ് വാഹനങ്ങള്‍, മൊബൈല്‍ ഹോസ്പിറ്റല്‍ എന്നിവയും കിമ്മിനെ പിന്തുടരുന്നുണ്ട്. കൊറിയന്‍ ഫ്‌ലാഗുള്ള രണ്ടു കാറുകളാണ് വിമാനത്താവളത്തില്‍ നിന്നു തിരിച്ചത്. ഇരുപതോളം വാഹനങ്ങളാണ് കിമ്മിന് അകമ്പടി പോകുന്നത്.
കിം ജോങ് ഉന്‍ ചൈന വഴിയാണ് സിംഗപ്പൂരിലേക്ക് പറന്നത്. ഫ്‌ലൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് പ്രകാരം ചൈനയിലെ നാലു പ്രവിശ്യകളിലൂടെയാണ് കിമ്മിന്റെ വിമാനം സഞ്ചരിച്ചത്. തീരപ്രദേശങ്ങളില്‍ കൂടിയായിരുന്നു സഞ്ചാരം. കൂടുതല്‍ സമയവും ചൈനയുടെ വ്യോമ പരിധിയില്‍ കൂടി തന്നെയാണ് വിമാനം പറന്നത്. അതേസമയം, കിമ്മിന്റെ വിമാനം പോകുന്ന റൂട്ടില്‍ നിന്നെല്ലാം സാധാരണ വിമാനങ്ങളെ സഞ്ചരിക്കാന്‍ അനുവദിച്ചിരുന്നില്ല. കിമ്മിന്റെ വിമാനം പോകുന്ന വഴിയിലെല്ലാം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വ്യക്തമായ സന്ദേശം കൈമാറിയിരുന്നു. കിമ്മിനെ സിംഗപ്പൂരില്‍ എത്തിക്കുന്നതിന്റെ ചുമതല ചൈനയാണ് വഹിച്ചത്. ഉത്തര കൊറിയയില്‍ നിന്നു പൊങ്ങിയ വിമാനത്തിന്റെ പൂര്‍ണ്ണ സുരക്ഷയും ചൈന ഏറ്റെടുക്കുകയായിരുന്നു.
ട്രംപ് എയര്‍ഫോഴ്‌സ് വണ്ണില്‍ എത്തുമ്പോള്‍ ഇതിനോടു കുറച്ചെങ്കിലും കിടപിടിക്കുന്ന വിമാനത്തില്‍ യാത്ര ചെയ്യണമെന്ന് കിം നേരത്തെ തീരുമാനിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുുകളുണ്ട്. ഇതിനാലാണ് ചൈനയുടെ സഹായത്തോടെ ബോയിങ് 747 തന്നെ യാത്രയ്ക്ക് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ബോയിങ് 747–400 വിമാനത്തിന്റെ വില 250 ദശലക്ഷം ഡോളറാണ് (ഏകദേശം 1688 കോടി രൂപ). ഒട്ടുമിക്ക രാഷ്ട്ര തലവന്‍മാരും ബോയിങ് 747 ആണ് ഉപയോഗിക്കുന്നത്. ബെഡ്‌റൂം, ഓഫീസ് സംവിധാനം തുടങ്ങി ആത്യാധുനിക സൗകര്യങ്ങളാണ് ബോയിങ് 747 ലുള്ളത്. പ്യോന്‍വാങ്ങില്‍ നിന്ന് സിംഗപ്പൂരിലേക്ക് 4000 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ ഏറ്റവും സുരക്ഷിതവും മികച്ചതും ബോയിങ് 747 തന്നെയാണ്.