തൃശൂർ: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ച് എഴുത്തുകാരി സാറ ജോസഫ്. ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണെന്നും ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്.അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്‌ക്കേണ്ടിവരും. അതൊരു നിരന്തരപ്രവര്‍ത്തനമാണ്. മാധ്യമങ്ങള്‍ നിങ്ങള്‍ക്കു പിന്നാലെയുണ്ട് എന്നതിനര്‍ത്ഥം ജനങ്ങള്‍ നിങ്ങള്‍ക്കു പിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിയ്ക്കണം – അവര്‍ വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം:
ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണ്?
ജനാധിപത്യസംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളത്. ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്‌ക്കേണ്ടിവരും.അതൊരു നിരന്തരപ്രവര്‍ത്തനമാണ്.
മാധ്യമങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നതിനര്‍ത്ഥം ജനങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിയ്ക്കണം.
അതിനാല്‍ മാധ്യമങ്ങള്‍ സ്തുതി പാടണമെന്ന് വിശ്വസിച്ചാല്‍ നടക്കില്ല. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിയ്ക്കുന്നതിനു തുല്യമാണ്. ജനപ്രതിനിധികള്‍ക്ക് കൊമ്പും തേറ്റയുമല്ല,വാലാണ് വേണ്ടത്.അവര്‍ ജനസേവകരെന്നാണ് ഭരണഘടന സങ്കല്പിച്ചിട്ടുള്ളത്.