തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും ഊർജിതം. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെ ആരംഭിച്ചു. സ്കൂബ സംഘവും നാവികസേനാ സംഘത്തിനൊപ്പം തിരച്ചിലിനായുണ്ട്.
എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാം
സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചിൽ ആരംഭിച്ചത്. എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ് സോണാർ ക്യാമറയുടെ പ്രത്യേകത. മൂന്നാമത്തെ പ്ലാറ്റ്ഫോമിനു സമീപമായുള്ള ടണലിലാണ് നാവികസേനാ സംഘം ഇപ്പോൾ പരിശോധന നടത്തുന്നത്. ഏഴംഗ നാവികസേനാ സംഘത്തിൽ തിരച്ചിലിൽ പങ്കെടുക്കുന്നത് 5 പേർക്ക് ഏകോപന ചുമതല. ഇനിയുള്ള തിരച്ചിലിന് നേവി മേൽനോട്ടം വഹിക്കുമെന്ന് സബ് കലക്ടർ അശ്വതി ശ്രീനിവാസ് അറിയിച്ചു.
Also Read- വെറുതേ ഒരു ഭാര്യ അല്ല..!!! ദിവ്യ എസ്. അയ്യർ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ല
മാലിന്യം നീക്കാനുള്ള ശ്രമം
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ രാത്രി ഒൻപതു മണി കഴിഞ്ഞാണ് താൽക്കാലികമായി അവസാനിപ്പിച്ചത്. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ലക്ഷ്യം കണാനായില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ഏഴു പേരാണ് നാവികസേനാ സംഘത്തിലുള്ളത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.
യുദ്ധസമാനമായ പ്രവർത്തനം
യുദ്ധം പോലെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഫയർ ഫോഴ്സ്. ലക്ഷ്യം കാണാതെ പിൻവാങ്ങില്ല. മനുഷ്യ വിസർജ്യം വരെ കയ്യിൽ കിട്ടി. ടിവിയിൽ ദൃശ്യങ്ങൾ കണ്ട വീട്ടുകാർക്ക് ആശങ്കയായെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. മഴ പെയ്യുന്നത് വെള്ളത്തിന്റെ ഒഴുക്കു കൂട്ടുമെങ്കിലും താഴെത്തട്ടിലെ മാലിന്യം മുകളിലേക്ക് ഉയരുന്നത് തങ്ങൾക്ക് അനുകൂലമെന്ന് ഫയർഫോഴ്സ് പറയുന്നു.
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം ജെസിബിയുടെ സഹായത്തോടെ മാറ്റുന്നുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴ പെയ്യുന്നത് തടയണ കെട്ടിനിർത്തുന്നതിന് തടസമാകുന്നുണ്ട്.
Also Read-5000 കോടി രൂപ ചെലവിട്ടുള്ള അത്യാഡംബര കല്യാണം പാവങ്ങളോടുള്ള വെല്ലുവിളിയോ?
amayizhanjan canal | Man missing | navy