തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വിമർശനങ്ങൾക്കെതിരെ പരോക്ഷമായി പ്രതികരിക്കുന്നു എന്ന തരത്തിൽ ദിവ്യ എസ്.അയ്യറുടെ സോഷ്യൽമീഡിയ പോസ്റ്റ്. വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തെ തുടർന്ന് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനം ഉയർന്നിരുന്നു. ഇതിന് മറുപടി ആയി ‘വെറുതേ ഒരു ഭാര്യ അല്ല’ എന്ന വാചകത്തോടെ ഭര്‍ത്താവും കോൺഗ്രസ് നേതാവുമായ ശബരീനാഥനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ദിവ്യ പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ദിവ്യ നടത്തിയ പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതാണ് കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ചൊടിപ്പിച്ചത്.
സിപിഎം പ്രവര്‍ത്തകര്‍ ദിവ്യയെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞുവെന്നായിരുന്നു ഉദ്ഘാടന വേദിയിൽ ദിവ്യയുടെ പരാമർശം. കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.സരിൻ, ബിആർഎം ഷഫീർ അടക്കമുള്ള നേതാക്കളും ദിവ്യയ്ക്കെതിരെ ഫെയ്സ്ബുക്കിൽ രംഗത്തെത്തിയിരുന്നു. വിദ്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ധാരാളം കമന്റുകളാണ് വരുന്നത്.
പിണറായി വിജയനെ പ്രശംസിച്ച ദിവ്യ.എസ്.അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന്‍ എത്തിയിരുന്നു. പ്രിയപ്പെട്ട ദിവ്യ, കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുമ്പും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം, മുൻപും മിടുക്കരായ ഐ.എ.എസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപിശകുകൾ ഉണ്ടാകുന്നത്. തിരുത്തുമല്ലോ,’ എന്നായിരുന്നു പോസ്റ്റ്.
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് സരിന്‍. ‘ഇങ്ങനെ പുകഴ്ത്തി പറയാതിരിക്കാമല്ലോ. പറയാതിരിക്കാം എന്നല്ല ഞാന്‍ പറഞ്ഞത്. പറയേണ്ടത് മാത്രം പറഞ്ഞാല്‍ മതിയല്ലോ എന്നാണ് പറഞ്ഞത്. ഇങ്ങനെയായിരുന്നു ദിവ്യ എസ്. അയ്യർക്കെതിരായ വിമർശനം.