തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. കാട്ടാക്കട പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി ജിത്തു ഒളിവില്ലാണെന്ന് പൊലീസ് അറിയിച്ചു. ജിത്തുവിൻ്റെ സുഹൃത്ത് നെവിയും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെയാണ് തലക്കോണം സ്വദേശിയായ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അമ്പലത്തിൻകാലയിൽ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സ്ഥലത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.