കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടിനെ സഹായിക്കാന്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്ന് അമ്പത് ടണ്‍ അരിയെത്തി. ആലപ്പുഴ കലക്ടര്‍ എസ്.സുഹാസ് അത് സ്‌നേഹപൂര്‍വം കൈപ്പറ്റി. അരിക്ക് പുറമെ 10 ടണ്‍ പഞ്ചസാരയും 250 കിലോഗ്രാം സാമ്പാര്‍ പൗഡറുമായി വലിയ നാല് ലോറികളിലാണ് സാധനം എത്തിയത്. സമയം രാവിലെ 11 മണി. പൊതുജന സമ്പര്‍ക്ക വകുപ്പില്‍ നിന്ന് മാധ്യമങ്ങളിലേക്ക് വന്ന വാര്‍ത്ത ഇക്കാര്യമാണ് പറയുന്നത്. ഒപ്പം കലക്ടറും കര്‍ണാടകയില്‍നിന്നുള്ള ഉദ്യോഗസ്ഥരും നില്‍ക്കുന്ന ചിത്രവും. കര്‍ണാടകക്കാരനായ എസ്.സുഹാസ് തന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇത്രയധികം അരിയും സാധനങ്ങളും എത്തിച്ചതെന്ന് കിംവദന്തിയും പരന്നു.
എന്നാല്‍ വൈകീട്ടോടെ കെ.സി. വേണുഗോപാല്‍ എം.പിയുടെ ഓഫിസില്‍ നിന്ന് ഒരു മെയില്‍ മാധ്യമസ്ഥാപനങ്ങളിേലക്ക് പാഞ്ഞെത്തി. അത് ഇങ്ങനെ കെ.സി. വേണുഗോപാല്‍ എംപി.യുടെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണ്ണാടക ഭക്ഷ്യമന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ഏര്‍പ്പെടുത്തിയ നാലു ലോഡ് ഭക്ഷ്യ സാധനങ്ങള്‍ ആലപ്പുഴയില്‍ എത്തി. അരിയും പഞ്ചസാരയും അടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ കലക്ടര്‍ക്ക് കൈമാറി. എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കര്‍ണ്ണാടകയുടെ ചുമതല വഹിക്കുന്ന വേണുഗോപാല്‍ ആലപ്പുഴയിലെ പ്രളയ സാഹചര്യം ചൂണ്ടിക്കാട്ടി വേണ്ട സഹായം ചെയ്യാന്‍ മന്ത്രിയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഈ പത്രപ്രസ്താവനയെ സാധൂകരിക്കാന്‍ കര്‍ണാടക മന്ത്രി എം.പിക്ക് അയച്ച മെയിലും ഒപ്പമുണ്ടായിരുന്നു. ഇതിന് പുറമെ കെ.സി വേണുഗോപാല്‍ പറഞ്ഞിട്ടാണ് അരിയും സാധനങ്ങളും അയച്ചതെന്ന മെയില്‍ കലക്ടര്‍ക്കും വന്നു.
അരമണിക്കൂര്‍ കഴിഞ്ഞില്ല മന്ത്രി ജി.സുധാകരന്റെ ഓഫിസില്‍നിന്ന് അടുത്ത പ്രസ്താവന. പ്രളയബാധിത കുട്ടാനാടിന് സഹായവുമായി കര്‍ണാടക ഭക്ഷ്യപൊതു വിതരണ വകുപ്പ്. മന്ത്രി സമീര്‍ അഹമ്മദ് ഖാന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം 50 ടണ്‍ അരി, 10 ടണ്‍ പഞ്ചസാര, 250 കിലോഗ്രാം സാമ്പാര്‍ പൗഡര്‍ എന്നിവയാണ് സഹായമായി എത്തിച്ചത്. വലിയ നാല് ട്രക്കുകളിലാണ് സാധനങ്ങള്‍ കൊണ്ടുവന്നത്. കലക്ട്രേറ്റില്‍ എത്തിയ സാധനങ്ങള്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസ് ഏറ്റുവാങ്ങി.
അരിയും സാധനങ്ങളും വന്നത് താന്‍ പറഞ്ഞിട്ടാണെന്ന് തെളിവു സഹിതം കെ.സി വേണുഗോപാലും അതല്ല കുട്ടനാടിന്റെ ദുരിതം കണ്ടറിഞ്ഞ് കര്‍ണാടകമന്ത്രി നേരിട്ട് അയച്ചതാണെന്ന് ജി.സുധാകരനും വാദിക്കുകയാണ്. വാദം പാര്‍ട്ടിക്കാരും ഏറ്റെടുത്തു. മെയിലുള്‍പ്പടെയുള്ള എം.പിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ക്രെഡിറ്റ് ലഭിക്കാന്‍ വൈകുന്നേരം മന്ത്രിയെ ഭീഷണിപ്പെടുത്തി അയപ്പിച്ചതാകുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.