ഷാരോണ്‍ വധക്കേസ് വിചാരണ: തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ഗ്രീഷ്മയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ഡല്‍ഹി: പാറശ്ശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയില്‍ നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് ദിപാങ്കര്‍ ദത്തയാണ് ഹര്‍ജി തള്ളിയത്.

ഷാരോണ്‍ വധക്കേസിന്റെ വിചാരണ കേരളത്തില്‍ നടത്തുന്നതിനുള്ള എതിര്‍പ്പ് വിചാരണ കോടതിയില്‍ വാദിക്കാമെന്ന് ഗ്രീഷ്മ ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതി തീര്‍പ്പാക്കിയ കേസില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കാത്തതിനാലാണ് ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത ചൂണ്ടിക്കാട്ടി.

കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ്‌നാട്ടിലാണ്. അതിനാല്‍ നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ഗ്രീഷ്മ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ശ്രീറാം പറകാട്, സതീഷ് മോഹന്‍ എന്നിവര്‍ വാദിച്ചു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 177-ാം വകുപ്പ് പ്രകാരം, എവിടെയാണോ കുറ്റകൃത്യം നടക്കുന്നത് ആ സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഷാരോണ്‍ മരിച്ചത് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ ആയതുകൊണ്ട് മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വിചാരണ കോടതിയിലാണ് പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രാന്‍സ്ഫര്‍ ഹര്‍ജി തള്ളിയത്.

ഷാരോണ്‍ വധക്കേസ് അന്വേഷിച്ചത് കേരള പോലീസ് ആയിരുന്നു. അന്വേഷണത്തിനുശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7