വിജയ് ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ്. ദളപതിയുടെ ജന്മദിനത്തിന് കൃത്യം ഒരാഴ്ച ബാക്കിനിൽക്കെ, വിജയ് നായകനായ ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് ഒരു അപ്‌ഡേറ്റിന്റെ സൂചന നൽകി നിഗൂഢമായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു.
തന്റെ ട്വിറ്റർ പോസ്റ്റിൽ സംവിധായകൻ “റെഡി ആഹ്?” ലിയോ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയുള്ള വിജയ് ആരാധകരോട് ഒരു ചോദ്യം ചോദിക്കുന്നതുപോലെ. കൃത്യം ഒരു മണിക്കൂറിനു ശേഷം റെഡിയാണ് എന്ന മറുപടിയോടു കൂടി ആരാധകരുടെ പ്രിയ താരം വിജയ് ആ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വിജയുടെ പിറന്നാൾ ദിനത്തിൽ ലിയോയുടെ ആദ്യ ഗാനം റിലീസാകും. ആരാധകർ കാത്തിരുന്ന ആ വാർത്ത സോഷ്യൽ മീഡിയയിൽ തീയായി ആളിപ്പടരുകയാണ്.ജൂൺ 22 വിജയുടെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകരിലേക്ക് ലിയോയിലെ ഗാനമെത്തും.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്. പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യുന്ന ഗാനത്തിൽ 1000-ലധികം നർത്തകർക്കൊപ്പം അടുത്തിടെ ചിത്രീകരിച്ച ഗാനം ആലപിച്ചിരിക്കുന്നത് ദളപതി വിജയ് ആയിരിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകൾ . വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു . വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് ദളപതി 67. ഡി ഓ പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, ആർട്ട് : എൻ. സതീഷ് കുമാർ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്,രത്‌നകുമാർ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാം കുമാർ ബാലസുബ്രഹ്മണ്യൻ. ഒക്ടോബർ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളിൽ എത്തും.പി ആർ ഓ : പ്രതീഷ് ശേഖർ.