ദിലീപിന് തിരിച്ചടി: മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്നത് പ്രതിയായ ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് അതിജീവിത. അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്താണ് ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. വിചാരണ വൈകുന്നതിന്റെ പേരില്‍ വിസ്തരിക്കേണ്ട സാക്ഷികള്‍ ആരൊക്കെയാണെന്ന് പ്രതികള്‍ തീരുമാനിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന പലരും കേസില്‍ അപ്രസക്തമാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ചൂണ്ടികാട്ടിയതോടെ, ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളായ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി. പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ കോടതി അനുമതി നല്‍കി. മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് ജെ കെ മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സാക്ഷി വിസ്താരം അടക്കമുള്ള കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സാക്ഷി വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജികള്‍ അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും. പ്രധാന സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പ്രതിഭാഗമാണെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7