സത്യം കാണാനാവില്ലെങ്കില്‍ കണ്ണും വായും പൂട്ടിയിരിക്കുക; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ അനുപം ഖേര്‍

ന്യൂഡല്‍ഹി: കശ്മീര്‍ ഫയല്‍സ് ചിത്രം ഗോവ ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ് നടത്തിയ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനുപം ഖേര്‍. സത്യം കാണാന്‍ കഴിയില്ലെങ്കില്‍ കണ്ണും വായും പൂട്ടിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സുഹൃത്തുക്കളേ, ചില വ്യക്തികള്‍ക്ക്‌ സത്യം ഉള്ളതുപോലെ കാണിക്കുന്ന ശീലമില്ല. അവര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് നിറം നല്‍കുകയും കെട്ടിച്ചമയ്ക്കുകയും ചെയ്യും. കശ്മീരിലെ സത്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് നന്നായി ദഹിക്കില്ല. കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടായി കശ്മീരിനെ മറ്റൊരു വിധത്തില്‍ കാണിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സത്യമെന്താണെന്ന് കശ്മീര്‍ ഫയല്‍സ് തുറന്നുകാട്ടിയതോടെ ഇക്കൂട്ടര്‍ക്ക് വെപ്രാളമായി. അവരതിനെ സാധ്യമായ വിധത്തിലൊക്കെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണ്. സത്യം കാണാന്‍ കഴിയില്ലെങ്കില്‍ കണ്ണും വായും പൂട്ടിയിരിക്കണം. കാരണം കശ്മീരിനെ സംബന്ധിച്ച യാഥാര്‍ഥ്യമെന്നത് ഇതാണ്-അനുപം ഖേര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടംപിടിച്ചതില്‍ ജൂറി അംഗങ്ങള്‍ ഞെട്ടിയെന്നും ഇത്തരം അശ്ലീല സിനിമകള്‍ അഭിമാനകരമായ ചലച്ചിത്രോത്സവത്തില്‍ അനുചിതമാണെന്നുമായിരുന്നു ഇസ്രയേലി സംവിധായകനും ജൂറി ചെയര്‍മാനുമായ നാദവ് ലാപിഡിന്റെ പരസ്യവിമര്‍ശനം.

രാജ്യാന്തര സിനിമാവിഭാഗത്തില്‍ പതിനഞ്ച് സിനിമകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതില്‍ പതിനാല് സിനിമകളും മികച്ചനിലവാരവും ചലച്ചിത്രമൂല്യവും നിറഞ്ഞതുമായിരുന്നു. ഈ സിനിമകളെല്ലാം നന്നായി ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ദി കശ്മീര്‍ ഫയല്‍സ് കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും. അത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയുള്ള അശ്ലീല സിനിമയായി തോന്നി. ഇത്തരത്തില്‍ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയാണിത്. ഇക്കാര്യം പരസ്യമായി പറയാന്‍ തനിക്ക് ബുദ്ധിമുട്ടില്ല’ – എന്നായിരുന്നു ലാപിഡിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസം മേളയുടെ സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ജൂറി ചെയര്‍മാന്റെ വിമര്‍ശനം. അതേസമയം ചെയര്‍മാന്റെ പ്രതികരണം വളരെ മോശമായിപ്പോയെന്ന് ഇന്ത്യയിലെ ഇസ്രയേലി അംബാസിഡറായ നവോര്‍ ഗിലോണ്‍ വ്യക്തമാക്കി.

https://youtu.be/CM5Zo1_Hb8o

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7