ഗ്രൂപ്പ് ബിയില്‍ നടന്ന യുഎസ്എ – വെയ്ല്‍സ് മത്സരം സമനിലയില്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന യുഎസ്എ വെയ്ല്‍സ് മത്സരം സമനിലയില്‍. ആദ്യ പകുതിയില്‍ നിറഞ്ഞ് കളിച്ചത് യുഎസ്എ ആയിരുന്നെങ്കിലും രണ്ടാം പകുതി വെയ്ല്‍സ് സ്വന്തമാക്കി. തിമോത്തി വിയയുടെ ഗോളിന് ഒരു പെനാല്‍റ്റിയിലൂടെ ഗാരെത് ബെയ്ല്‍ മറുപടി നല്‍കിയതോടെ മത്സരം സമനിലയില്‍ (1-1) കലാശിച്ചു.

ആദ്യ പകുതിയില്‍ വെയ്ല്‍സിനെ നിലംതൊടീക്കാതെയായിരുന്നു യുഎസ് മുന്നേറ്റങ്ങള്‍. ഇതോടെ 64 വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പില്‍ പന്തു തട്ടാനെത്തിയ വെയ്ല്‍സ് താരങ്ങള്‍ ആദ്യ പകുതിയില്‍ പന്ത് കിട്ടാതെ വലഞ്ഞു. മത്സരത്തിന്റെ തുടക്കം മുതല്‍ പന്തിന്‍മേല്‍ ഉണ്ടായിരുന്ന ആധിപത്യം യുഎസ്എ ആദ്യ പകുതിയിലുടനീളം തുടര്‍ന്നു. ലെഫ്റ്റ് ബാക്ക് ആന്റണി റോബിന്‍സണായിരുന്നു യുഎസ് നിരയില്‍ ഏറ്റവും അപകടകാരി. വെയ്ല്‍സ് പ്രതിരോധത്തെ കബളിപ്പിച്ച് താരം നിരന്തരം ബോക്‌സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. ഇതിനിടെ 10ാം മിനിറ്റില്‍ ജോഷ് സര്‍ജന്റിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.

റോബിന്‍സണും വെസ്റ്റണ്‍ മക്കെന്നിയും ക്യാപ്റ്റന്‍ ടൈലര്‍ ആഡംസും മികച്ച ധാരണയോടെ മൈതാനത്ത് അണിനിരന്നതോടെ വെയ്ല്‍സിന്റെ സൂപ്പര്‍ താരം ഗാരെത് ബെയ്‌ലിന് ആദ്യ പകുതിയില്‍ മിക്ക സമയവും കാഴ്ചക്കാരന്റെ റോളായിരുന്നു. ആദ്യ മിനിറ്റുകളില്‍ താരത്തിന് ഒരു ടച്ച് പോലും ലഭിക്കുകയുണ്ടായില്ല. ആദ്യ പകുതിയില്‍ വെറും 15 തവണ മാത്രമാണ് ബെയ്‌ലിന്റെ കാലില്‍ പന്ത് കിട്ടിയത്, ഒരൊറ്റ ഷോട്ട് പോലും ഉണ്ടായില്ല.

പിന്നാലെ യുഎസിന്റെ നിരന്തര ആക്രമണങ്ങള്‍ക്ക് 36ാം മിനിറ്റില്‍ ഉദ്ദേശിച്ച ഫലം ലഭിച്ചു. മൈതാനമധ്യത്തു നിന്ന് പന്ത് റാഞ്ചി മുന്നേറിയ ക്രിസ്റ്റ്യന്‍ പുലിസിച്ച് വെയ്ല്‍സ് പ്രതിരോധം പിളര്‍ന്ന് നല്‍കിയ കൃത്യതയാര്‍ന്ന പാസ് തിമോത്തി വിയ തന്റെ വലംകാല്‍ ഉപയോഗിച്ച് വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ആദ്യ പകുതിയില്‍ കണ്ട വെയ്ല്‍സായിരുന്നില്ല രണ്ടാം പകുതിയില്‍. ഡാനിയല്‍ ജെയിംസിനെ പിന്‍വലിച്ച് കിഫെര്‍ മൂറിനെ കളത്തിലിറക്കിയാണ് വെയ്ല്‍സ് തുടങ്ങിയത്. ആദ്യ പകുതിയിലെ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് ആത്മവിശ്വാസത്തോടെ രണ്ടാം പകുതിയിലിറങ്ങിയ വെയ്ല്‍സ് തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി.

കോണര്‍ റോബര്‍ട്‌സും ഹാരി വില്‍സണും ആരോണ്‍ റാംസിയും ചേര്‍ന്ന മുന്നേറ്റങ്ങള്‍ വെയ്ല്‍സിന് മികച്ച അവസരങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു. ഗാലറിയില്‍ വെയ്ല്‍സ് ആരാധകര്‍ ഇതോടെ ഉണര്‍ന്നു. 64ാം മിനിറ്റില്‍ ബെന്‍ ഡേവിസിന്റെ ഗോളെന്നുറച്ച ഹെഡര്‍ യുഎസ്എ ഗോള്‍കീപ്പര്‍ മാറ്റ് ടര്‍ണര്‍ രക്ഷപ്പെടുത്തിയത് വെയ്ല്‍സിന് തിരിച്ചടിയായി. പിന്നാലെ കോര്‍ണറില്‍ നിന്നുള്ള മൂറിന്റെ ഹെഡറും പുറത്തേക്ക് പോയി.

എന്നാല്‍ 80ാം മിനിറ്റിലെ വെയ്ല്‍സ് മുന്നേറ്റം തടയാന്‍ യുഎസ് താരം വാക്കര്‍ സിമ്മെര്‍മാന് മറ്റ് വഴികളുണ്ടായിരുന്നില്ല. ബോക്‌സില്‍ ഗാരെത് ബെയ്‌ലിനെ വീഴ്ത്തിയ താരത്തിന്റെ നടപടിക്ക് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. 82ാം മിനിറ്റില്‍ ബെയ്‌ലെടുത്ത ആ കിക്കിന് ഒരു വെടിയുണ്ടയുടെ വേഗമുണ്ടായിരുന്നു. പന്ത് വലയില്‍ വെയ്ല്‍സ് ഒപ്പത്തിനൊപ്പം. 64 വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പിന്റെ മഹാവേദിയില്‍ വെയ്ല്‍സിന്റെ ഗോള്‍.

ഗോള്‍ നേടിയതോടെ വെയ്ല്‍സിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. എന്നാല്‍ ഗോള്‍കീപ്പര്‍ മാറ്റ് ടര്‍ണറിന്റെ മികവ് യുഎസിന് തുണയായി. ഒടുവില്‍ നിശ്ചിത സമയത്തിന് റഫറി അനുവദിച്ച ഒമ്പത് മിനിറ്റ് അധിക സമയവും കൂടി അവസാനിച്ചപ്പോള്‍ ഇരു ടീമും ഓരോ പോയന്റ് വീതം സ്വന്തമാക്കി.

https://youtu.be/kDSGC2PWvGU

ഖത്തര്‍ ലോകകപ്പ് വേദിയില്‍ മലയാളവും ഇടംപിടിച്ചു

Similar Articles

Comments

Advertismentspot_img

Most Popular