അര്‍ജന്റീന ഇറങ്ങി, മെസ്സിക്കു വിശ്രമം , സാദിയോ മാനെ ലോകകപ്പിനില്ല

ദോഹ: ഖത്തറിലെത്തിയ ശേഷം അര്‍ജന്റീന ടീം ഇന്നലെ ആദ്യമായി പരിശീലനത്തിനിറങ്ങി. വൈകിട്ട് 6 മുതല്‍ 7.30 വരെ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ട്രെയ്‌നിങ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. കോച്ച് ലയണല്‍ സ്‌കലോനി, സ്‌െ്രെടക്കര്‍ പൗളോ ഡിബാല എന്നിവരെല്ലാം മൈതാനത്തിറങ്ങിയെങ്കിലും ലയണല്‍ മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും പരിശീലനത്തിനിറങ്ങാതെ മുറിയില്‍ത്തന്നെ തുടര്‍ന്നു.

അതേസമയം ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രമുഖ താരങ്ങള്‍ പരുക്കേറ്റു പുറത്താകുന്നത് ടീമുകള്‍ക്കു തലവേദനയാകുന്നു. ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗലിന്റെ സൂപ്പര്‍ താരം സാദിയോ മാനെയാണ് ഇക്കൂട്ടത്തില്‍ പ്രമുഖന്‍. ലോകകപ്പ് ഇടവേളയ്ക്കു മുന്‍പുള്ള അവസാന ലീഗ് മത്സരത്തിലാണ് ബയണ്‍ മ്യൂണിക്ക് താരം മാനെയുടെ കാലിനു പരുക്കേറ്റത്. ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ മാത്രമാകും നഷ്ടമാകുക എന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. മാനെയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് സെനല്‍ഗല്‍ ടീം അധികൃതര്‍ അറിയിച്ചു.

2 അര്‍ജന്റീന താരങ്ങള്‍ പുറത്ത്

അര്‍ജന്റീന താരങ്ങളായ ജോവോക്വിന്‍ കോറെയ, നിക്കൊളാസ് ഗൊണ്‍സാലസ് എന്നിവര്‍ പരുക്ക് മൂലം ലോകകപ്പ് കളിക്കില്ലെന്ന് അര്‍ജന്റീന ടീം അറിയിച്ചു. കാലിന്റെ പേശിക്കു പരുക്കേറ്റതിനെത്തുടര്‍ന്ന് പുറത്തായ നിക്കൊളാസ് ഗോണ്‍സാലസിന് പകരമായി ജോവോക്വിന്‍ കോറെയയുടെ സഹോദരന്‍ എയ്ഞ്ചല്‍ കോറെയയെ ടീമില്‍ ഉള്‍പ്പെടുത്തി. ജോവോക്വിന്നിനു പകരക്കാരനെ കണ്ടെത്തിയിട്ടില്ല. അര്‍ജന്റീന ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ റൊമേറോ, അലഹാന്ദ്രോ ഗോമസ്, പൗലോ ഡിബാല എന്നിവര്‍ ഇനിയും കായികക്ഷമത തെളിയിച്ചിട്ടില്ല. ഇവരെ യുഎഇക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ കളിപ്പിച്ചിരുന്നില്ല.

സ്‌പെയിന്‍ ഡിഫന്‍ഡര്‍ ഗയയ്ക്ക് പരുക്ക്

പരിശീലനത്തിനിടെ കണങ്കാലിനു പരുക്കേറ്റ സ്‌പെയിന്‍ പ്രതിരോധ താരം ഹോസെ ഗയ പുറത്ത്. ഗയയ്ക്കു പകരക്കാരനായി അലെഹാന്ദ്രോ ബല്‍ദെയെ ടീമില്‍ ഉള്‍പ്പെടുത്തി. ജോര്‍ദാനെതിരെ നടന്ന ഒരുക്കമത്സരത്തിലും ഹോസെ ഗയയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7