കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും മാസ്കിനും വിലക്കുണ്ടെന്നതു വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി

കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും മാസ്കിനും പൊതുപരിപാടികളിൽ വിലക്കുണ്ടെന്നതു വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. കേരളം ഇന്നു കാണുന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ മുന്നിൽനിന്ന എൽഡിഎഫ് സർക്കാർ നിലനിൽക്കുമ്പോൾ, പ്രത്യേക വസ്ത്രം ധരിക്കാൻ പാടില്ല എന്ന നിലപാട് സർക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകില്ല.

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ആ കൂട്ടത്തിൽ ഇതും കൂടി ചേർത്ത് പ്രചരിപ്പിക്കുയാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കറുപ്പു നിറത്തിനു വിലക്കുണ്ടെന്ന വാർത്തകളെ സംബന്ധിച്ച് ആദ്യമായാണു മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണരൂപം

ഇപ്പോൾ കുറച്ചു ദിവസമായി കൊടുമ്പിരികൊണ്ട മറ്റൊരു പ്രചാരണം, നമ്മുടെ സമൂഹത്തെ വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുമാറ് ഉയർന്നുവന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തില്‍ ധരിക്കാൻ പറ്റില്ലെന്നാണ്. ഇപ്പോൾ എല്ലാവരും മാസ്ക് ധരിക്കുന്ന കാലമാണ്. അപ്പോൾ മാസ്ക് കറുത്ത നിറത്തിലുള്ളതു പറ്റില്ല, വസ്ത്രം കറുത്ത നിറത്തിലുള്ളതു പറ്റില്ല. കേരളത്തിൽ ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി വലിയ പ്രക്ഷോഭങ്ങൾ നടന്ന നാടാണിത്. അങ്ങനെയാണ് ആ അവകാശം നാം നേടിയെടുത്തത്. നേരത്തേ മുട്ടിനുതാഴെ മുണ്ടുടുക്കാൻ അവകാശമില്ലാതിരുന്നവർ, മാറുമറയ്ക്കാൻ അവകാശമില്ലാതിരുന്നവർ. അതിനെല്ലാം എതിരെ വലിയ പോരാട്ടം നടന്നു. അതിന്റെ ഭാഗമായാണ് നാട് മാറിവന്നത്.

ഇവിടെ ഏതെങ്കിലും തരത്തിൽ ആ അവകാശം ഹനിക്കുന്ന പ്രശ്നമേയില്ല. എത്രമാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികൾ നിക്ഷിപ്ത താൽപര്യത്തോടെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്നു നാം മനസിലാക്കണം. അതിന്റെ ഭാഗമായാണു കറുത്ത ഷർട്ടും കറുത്ത വസ്ത്രവും കറുത്ത മാസ്കും പാടില്ല എന്ന് കേരളത്തിലെ സർക്കാർ നിലപാട് എടുത്തിരിക്കുന്നു എന്ന പ്രചാരണം വന്നിരിക്കുന്നത്. നാം ശ്രദ്ധിക്കേണ്ടത്, കേരളത്തിൽ എൽഡിഎഫ് സർക്കാരാണുള്ളത്. കേരളത്തെ ഇന്നു കാണുന്ന പ്രത്യേകതകൾ നേടിയെടുക്കുന്നതിലേക്ക് എത്തിച്ചതിന്റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു എന്ന് ആരും സമ്മതിക്കുന്നതാണ്.

ആ എൽഡിഎഫ് സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ പ്രത്യേക വസ്ത്രം ധരിക്കാൻ പാടില്ല എന്ന നിലപാട് സർക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ആ കൂട്ടത്തിൽ ഇതും കൂടി ചേർത്തു പ്രചരിപ്പിക്കുകയാണെന്നു നാം തിരിച്ചറിയണം. നമ്മുടെ നാടിന്റെ പ്രത്യേകത എല്ലാ രീതിയിലും കാത്തുസൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്. ആ കാര്യത്തിൽ സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും. അതിനെതിരെ നീങ്ങുന്ന ശക്തികൾക്ക് തടയിടാൻ സർക്കാർ പ്രത്യേക ശ്രദ്ധയോടെ പ്രവർത്തിക്കും’.

അതേസമയം കറുപ്പ് വസ്ത്രങ്ങളും കറുത്ത മാസ്‌കും വിലക്കിക്കൊണ്ട് മുഖ്യമന്ത്രിക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിലും വഴിതടയുന്നതിലും വിശദീകരണവുമായി ഡിജിപി അനില്‍ കാന്ത്.

മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയില്‍ തടയുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേതന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഡിജിപി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും ‘കോളടിച്ചു’

വിദ്യാർത്ഥിനിയെ കോളേജ് ചെയർമാൻ പീഡിപ്പിച്ചു; വീഡിയോ കാമ്പസിൽ പ്രചരിപ്പിച്ചു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7