കൊച്ചി : ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ കോടതികളെയും അഭിഭാഷകരെയും പ്രതിരോധത്തിലാക്കുന്ന അന്വേഷണവിവരങ്ങൾ പുറത്തു വരാതെ നോക്കണമെന്ന് അന്വേഷണ സംഘത്തിനു നിർദേശം ലഭിച്ചു. എഡിജിപി എസ്.ശ്രീജിത്തിനു പകരം ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ എഡിജിപി ഷേഖ് ദർവേഷ് സാഹിബ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു വിളിച്ചുവരുത്തിയാണു നിർദേശങ്ങൾ നൽകിയത്.
നടിയെ പീഡിപ്പിച്ചെന്ന കേസും അന്വേഷണ സംഘത്തെ വകവരുത്താൻ എട്ടാം പ്രതി ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്ന കേസും സമയബന്ധിതമായി പൂർത്തിയാക്കാനും എഡിജിപി നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥർ വിചാരണക്കോടതിയുടെ വിമർശനം കേൾക്കാതെ നോക്കണമെന്ന നിർദേശവും അന്വേഷണ സംഘത്തിനു ലഭിച്ചു. കേസിൽ ഹാജരാകേണ്ട സ്പെഷൽ പ്രോസിക്യൂട്ടറുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല. കേസിൽ വിചാരണക്കോടതിക്ക് എതിരെ കടുത്ത വിമർശനം ഉയർത്തി 2 സ്പെഷൽ പ്രോസിക്യൂട്ടർമാർ രാജി വച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ചിന് ഇത് നിര്‍ണായകം
കേസിൽ പുതുതായി ചോദ്യം ചെയ്യേണ്ട 12 പേരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കി. പട്ടികയിൽ ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ഉൾപ്പെടുന്നുണ്ട്. കാവ്യയുടെ മൊഴി എവിടെവച്ചു രേഖപ്പെടുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. കേസിൽ പുതുതായി മൊഴിയെടുത്ത 80 പേരിൽ ആരെയെല്ലാമാണു പ്രോസിക്യൂഷന്റെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടതെന്ന് അടുത്ത ദിവസങ്ങളിൽ തീരുമാനമാവും. മേയ് 30ന് അന്വേഷണം പൂർത്തിയാക്കി 31നു വിചാരണക്കോടതി മുൻപാകെ റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണം പൂർത്തിയാക്കാൻ കോടതിയോടു കൂടുതൽ സമയം ആവശ്യപ്പെടാൻ കഴിയില്ലെന്നാണു വിലയിരുത്തൽ.
അതേസമയം നടിയെ പീഡിപ്പിച്ചെന്ന കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലും നടൻ ദിലീപിന്റെ സഹോദരീഭർത്താവ് ടി.എൻ.സുരാജിനെക്കുറിച്ചു കോടതി ഉത്തരവുകളല്ലാതെ മറ്റൊന്നും സംപ്രേഷണം ചെയ്യരുതെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഒരു സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിയത്. ഹർജി 24നു വീണ്ടും പരിഗണിക്കും.