വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ നീക്കം; കീഴടങ്ങുമെന്ന പ്രതീക്ഷയില്‍ പോലീസ്

കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ തുടര്‍നടപടികളുമായി പോലീസ്. വിദേശത്തേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി നാട്ടിലെത്തിക്കാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. 24-നാണ് വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കഴമ്പുള്ളതാണെന്ന് ഓരോനിമിഷവും തെളിയുന്നതായും കമ്മിഷണര്‍ പറഞ്ഞു.

പരാതിയില്‍ മുന്‍കൂര്‍ ജാമ്യംതേടി വിജയ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്താനായി തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.

വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിലും ഫ്‌ളാറ്റുകളിലും എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയില്‍നിന്നുള്ളവരുടെയും ഹോട്ടല്‍ ജീവനക്കാരുടെയുമടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി. കടവന്ത്രയിലെ ഹോട്ടലിലും ഫ്‌ളാറ്റുകളിലുമടക്കം അഞ്ചു സ്ഥലങ്ങളില്‍ ഇയാള്‍ പരാതിക്കാരിയോടൊപ്പം എത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി പോലീസ് പറയുന്നു. മാര്‍ച്ച് 13-മുതല്‍ ഏപ്രില്‍ 14-വരെ അഞ്ചുസ്ഥലത്ത് തന്നെ കൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ തെളിവുശേഖരിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ഉറപ്പിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7