നടിയെ ആക്രമിച്ച കേസ് : അഭിഭാഷകരെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല, ക്രൈംബ്രാഞ്ച് മേധാവിയുടെ നിലപാട് നിര്‍ണായകം

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ നടപടികള്‍ ഇനി പുതിയ ക്രൈംബ്രാഞ്ച് മേധാവിയുമായി ചര്‍ച്ച ചെയ്തശേഷം തിരൂമാനിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഉള്‍പ്പെടെ മൂന്ന് അഭിഭാഷകര്‍, പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്‍ എന്നിവരെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എ.ഡി.ജി.പി. ഷേഖ് ദര്‍വേഷ് സാഹിബുമായി ചര്‍ച്ച നടത്തും. അന്വേഷണത്തിന്റെ പുരോഗതി ഡി.ജി.പിയെ അറിയിക്കും.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അഭിഭാഷകരെ പ്രതിചേര്‍ക്കുന്നതിനോട് സര്‍ക്കാരിനു താല്‍പര്യമില്ല. വ്യക്തമായ തെളിവില്ലാതെ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരെയും സ്ത്രീകളെയും ചോദ്യംചെയ്യുന്നതിനെയും സര്‍ക്കാര്‍ അനുകൂലിക്കുന്നില്ല. ഇക്കാര്യം അന്വേഷണസംഘത്തെ പലതവണ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കാന്‍ എ.ഡി.ജി.പി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം നീക്കം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനു സ്ഥാനചലനമുണ്ടായത്.

മേയ് 30നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു ഹൈക്കോടതി നിര്‍ദേശം. ദിലീപിനെയും അടുത്ത ബന്ധുക്കളെയും പ്രതിയാക്കിയതോടെ ഇനി കൂടുതല്‍ പേരെ കേസിലേക്കു വലിച്ചിഴയ്ക്കാതെ കുറ്റപത്രം സമര്‍പ്പിക്കാനും സാധ്യതയുണ്ട്.
കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നു സാക്ഷിയെന്ന നിലയിലാകും മൊഴിയെടുക്കുക. അഡ്വ. ബി. രാമന്‍പിള്ള ഒഴികെയുള്ള രണ്ട് അഭിഭാഷകരില്‍ നിന്നു മൊഴിയെടുക്കണോ എന്ന കാര്യത്തില്‍ പുതിയ െ്രെകംബ്രാഞ്ച് മേധാവിയുടെ നിലപാട് നിര്‍ണായകമാകും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി ചുമതലയേറ്റതിനു പിന്നാലെയാണു ഡി.ജി.പി., എ.ഡി.ജി.പി. റാങ്കില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്ന നാല് ഐ.പി.എസ്. ഓഫീസര്‍മാരുടെ തസ്തികകളില്‍ മാറ്റമുണ്ടായത്.

തന്റെ പരിചയസമ്പത്തു പ്രയോജനപ്പെടുത്തി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം പോലീസില്‍ നടപ്പാക്കുകയാണു ശശിയുടെ ചുമതല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയുണ്ട്. അതിനിടെ, രണ്ടു സാമ്പത്തിക തട്ടിപ്പു കേസുകളില്‍ സൈബര്‍ ഹാക്കര്‍ സായ്ശങ്കറെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസുമായി സായ്ശങ്കര്‍ സഹകരിക്കുന്നുണ്ടെന്ന പ്രോസിക്യൂഷന്റെ മറുപടിയെത്തുടര്‍ന്നാണു ഹൈക്കോടതി ഉത്തരവ്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയതു ദിലീപിന്റെ അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണെന്നു സായ്ശങ്കര്‍ മൊഴി നല്‍കിയതിനു പിന്നാലെയാണു തട്ടിപ്പു കേസിലെ അറസ്റ്റ് ഒഴിവാക്കിയത്.

വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു; മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി

Similar Articles

Comments

Advertismentspot_img

Most Popular