ഒടുവില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കി; ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം

തിരുവനന്തപുരം: സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനം. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി പുതിയ നിയമനം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.

സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം വൈകുകയായിരുന്നു. ഇതിനിടെ തന്റെ സീനിയോറിറ്റിയും കേഡര്‍ റൂള്‍സും അനുസരിച്ചുള്ള നിയമനമാണ് നല്‍കുന്നതെങ്കില്‍ പരിഗണിക്കാമെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.

പോലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇതനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലെ ഷൊര്‍ണ്ണൂരിലെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്.

ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ് എം.ഡി.യായി ഡോ.ബൈജു ജോര്‍ജിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കാനും തിങ്കളാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7