‘‌അനുകൂലമാണെന്നു തോന്നിയാൽ ആരെങ്കിലും വരും’; ദിലീപിനെ ചോദ്യം ചെയ്യുന്നു

കൊച്ചി : ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ ക്രൈംബ്രാഞ്ച് ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എഡിജിപി എസ്.ശ്രീജിത്ത്, എസ്പി എം.ജെ.സോജൻ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം.പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു ചോദ്യം ചെയ്യുക.
സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും ചോദ്യം ചെയ്യലിൽ ദിലീപ് തള്ളിക്കളഞ്ഞിരുന്നു. പണം തട്ടിയെടുക്കാൻ ബാലചന്ദ്രകുമാർ ഒരുക്കിയ ബ്ലാക്മെയിൽ കെണിയിൽ വീഴാതിരുന്നതിനാലാണു വസ്തുതാവിരുദ്ധമായ ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിച്ചതെന്നാണു ദിലീപിന്റെ മൊഴി. ബാലചന്ദ്രകുമാറിനെ മുൻപിൽ നിർത്തി മറ്റു ചിലരും മുതലെടുപ്പിനു ശ്രമിച്ചതായി ദിലീപ് കുറ്റപ്പെടുത്തി.

ഈ കേസിൽ തന്നെ പ്രതി ചേർക്കാൻ ഇടയാക്കിയ സാഹചര്യം ഒരുക്കിയതിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നു. കേസിന്റെ പുരോഗതി തനിക്ക് അനുകൂലമാണെന്ന തോന്നൽ ഉണ്ടായപ്പോഴെല്ലാം ബാലചന്ദ്രകുമാർ ഉന്നയിച്ചതു പോലുള്ള ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തു വരാറുണ്ടെന്നും ദിലീപ് പറഞ്ഞു. ഈ മൊഴികൾ സാധൂകരിക്കാൻ കഴിയുന്ന തെളിവുകളുമായി ഇന്നു വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാനാണു അന്വേഷണസംഘം നിർദേശിച്ചത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽവച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താൻ ദൃക്സാക്ഷിയാണെന്ന ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണു കേസിൽ തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7