വീട്ടിലെ സകലപുരുഷന്മാരെയും പ്രതിയാക്കിയെന്ന് ദിലീപ്; 33 മണിക്കൂര്‍ ചോദ്യംചെയ്തിട്ടുംദിലീപ് അന്വേഷണവുമായി സഹകരിച്ചില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നടന്നത് വൈകാരികമായ വാദപ്രതിവാദം. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചപ്പോള്‍ വൈകാരികമായ വാക്കുകളിലൂടെയാണ് പ്രതിഭാഗം വാദിച്ചത്.

വീട്ടിലെ സകലപുരുഷന്മാരെയും കേസില്‍ പ്രതികളാക്കിയെന്നും 84-കാരിയായ അമ്മയും വീട്ടിലെ മറ്റുസ്ത്രീകളുമാണ് ഇനി ബാക്കിയുള്ളതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എങ്ങനെയും കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ഫോണ്‍ കിട്ടാന്‍ കെഞ്ചേണ്ട സ്ഥിതിയാണുണ്ടായത്. ഫോണ്‍ മുംബൈയില്‍ അയച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. മറ്റൊരു പ്രതിക്കും ലഭിക്കാത്ത പ്രത്യേക പ്രിവിലേജ് ദിലീപിന് മാത്രമായി ഉണ്ടാകരുത്. ഫോണ്‍വിവരങ്ങള്‍ സി.ഡി.ആര്‍. രേഖകളടക്കം പരിശോധിച്ച് അന്വേഷണസംഘം കണ്ടെത്തിയതാണ്. പ്രതിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. 33 മണിക്കൂര്‍ ചോദ്യംചെയ്തിട്ടും പ്രതി അന്വേഷണവുമായി സഹകരിച്ചില്ല. അതിനാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. വാദം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച തന്നെ ജാമ്യാപേക്ഷയില്‍ വിധി പറയും. ഫോണുകള്‍ പരിശോധന നടത്തുന്ന കാര്യത്തിലും ഹൈക്കോടതി ചൊവ്വാഴ്ച തീരുമാനമെടുത്തേക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7