ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തത് 1,79,723 പുതിയ കോവിഡ് കേസുകള്‍. മുന്‍പത്തെ ദിവസത്തെക്കാള്‍ 12.5% കൂടുതലാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. 4,033 ആണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം. കോവിഡ് ബാധിച്ച് 146 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ കോവിഡ് രോഗവിമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടി.പി.ആര്‍ നിരക്ക് 13.29 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 44,388 പുതിയ കേസുകളാണ് ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 2,02,259 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്.
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തര്‍പ്രദേശില്‍ 7,695 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 13 മടങ്ങ് അധികമാണ്. കഴിഞ്ഞ ഞായറാഴ്ച വെറും 552 കേസുകള്‍ മാത്രമാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
22,751 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 17 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ജൂണ്‍ 16 ന് ശേഷം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണിത്.
അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച കരുതല്‍ ഡോസ് വാക്‌സിന് വിതരണത്തിന് തിങ്കളാഴ്ച തുടക്കമാകും. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക.