മരക്കാർ വിറ്റത് 100 കോടി രൂപയ്ക്ക്?

ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാർ– അറബിക്കടലിന്റെ സിംഹം’ സിനിമയുടെ റിലീസ് സംബന്ധിച്ച തർക്കങ്ങളായിരുന്നു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞത്. ഒടുവിൽ ചിത്രം ഒടിടിയിൽ തന്നെ പുറത്തിറങ്ങുമെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ആമസോൺ പ്രൈമിനു ചിത്രം വിറ്റത് 90–100 കോടി രൂപയുടെ ഇടയിലാണെന്നു സൂചന. തുക വെളിപ്പെടുത്തിയിട്ടില്ല. ഇതു ശരിയെങ്കിൽ രാജ്യത്ത് ഒടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. സിനിമയ്ക്കു 90 കോടിക്കടുത്താണു നിർമാണച്ചെലവ്. സാറ്റലൈറ്റ് അവകാശ വിൽപനയിലെ ലാഭം നിർമാതാവിനുള്ളതാണ്.

മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത താരനിരയാണ് ഈ ചിത്രത്തിൽ അരങ്ങേറുന്നത്. മോഹൻലാൽ, സുനിൽഷെട്ടി, അർജുൻ, പ്രഭു, മഞ്ജു വാരിയർ, സിദ്ദീഖ്, മുകേഷ്, നെടുമുടി വേണു, രൺജി പണിക്കർ എന്നിവർക്കൊപ്പം സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും മോഹൻലാലിന്റെ മകൻ പ്രണവും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്.

സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടത്തിയ കടൽ യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂതിരിയുടെ നാവിക മേധാവികളായ കുഞ്ഞാലി മരയ്ക്കാർമാർ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 1507നും 1600നും ഇടയിൽ 4 കുഞ്ഞാലിമാരാണുണ്ടായിരുന്നത്. ഇതിൽ 4–ാം കുഞ്ഞാലിയായ മുഹമ്മദ് കുഞ്ഞാലിയുടെ കഥയാണ് സിനിമ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular